പന്നികളെ ബാധിയ്ക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ സൈൻ ഫീവർ. എന്നാൽ മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവർഗ്ഗങ്ങളിലോ ഈ രോഗമുണ്ടാകുന്നില്ല. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ ഇന്ത്യയുടെ വടക്കുകിഴക്കൻ രോഗബാധ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രോഗം വരാതെ തടയുന്നതിനായി സംസ്ഥാനത്ത് ബയോ സെക്യുരിറ്റി നടപടികൾ കാര്യക്ഷമമാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിലേയ്ക്കും, കേരളത്തിൽ നിന്ന് പുറത്തേയ്ക്കും പന്നികൾ, പന്നി മാംസം, പന്നി മാംസ ഉത്പന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്/റെയിൽ/വ്യോമ/കടൽ മാർഗ്ഗം കൊണ്ടുപോകുന്നതും കൊണ്ടു വരുന്നതും 14.07.2022 മുതൽ മാസത്തേയ്ക്ക് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവായിരിക്കുന്നു.
2009 ലെ ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് ഇൻഫെക്ഷിയസ് ആൻ ഡ് കൺടേജിയസ് ഡിസീസസ് ഇൻ അനിമൽസ് ആക്ട് സെക്ഷൻ 6(1), 10(1) എന്നിവ പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള എല്ലാ ചെക്ക്പോസ്റ്റുകളിലും ഇതു സംബന്ധിച്ച് കർശന നിയന്ത്രണം ഏർ പ്പെടുത്തുന്നതിനുള്ള നിർദ്ദേശം നല്കിയിട്ടുണ്ട്. ഇടവഴികളിലുൾപ്പെടെയുളള മാർഗ്ഗങ്ങളിലൂടെ പന്നികൾ,പന്നി മാംസം,പന്നി കാഷ്ഠം എന്നിവ കൊണ്ടു വരുന്നത് തടയുന്നതിന് മോട്ടോർ വാഹന വകുപ്പ്,പോലീസ്,വനം വകുപ്പ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ജാഗ്രത പാലിക്കേണ്ടതാണ്. സംസ്ഥാനത്ത് ആഫ്രിക്കൻ സൈൻ ഫീവർ രോഗം പടർന്നുപിടിക്കാതിരിക്കാനും അതോടൊപ്പം തന്നെ സംസ്ഥാനത്തെ പന്നികളെ സംരക്ഷിയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി താത്കാലികമായി സ്വീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്തിനകത്ത് ആഫ്രിക്കൻ സൈൻ ഫീവർ രോഗം ബാധിയ്ക്കാത്ത സാഹചര്യത്തിൽ പന്നികൾ, പന്നി മാംസം, പന്നി മാംസ ഉത്പന്നങ്ങൾ, പന്നികളുടെ കാഷ്ടം എന്നിവ സംസ്ഥാനത്തിനുളളിൽ കൊണ്ടുപോകുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. പന്നി വളർത്തൽ കർഷകരും പൊതുജനങ്ങളും ഈ വിഷയത്തിൽ പൂർണ്ണമായി സഹകരിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.