ആലപ്പുഴ: രൂപമാറ്റംവരുത്തി നിരത്തുകളിൽ പാഞ്ഞ രണ്ട് ആഡംബര ബൈക്കുകൾ എൻഫോഴ്സ്മെന്റ് ആർടിഒ പിടികൂടി. അമിതവേഗതക്കൊപ്പം സുരക്ഷസംവിധാനങ്ങൾ അഴിച്ചുമാറ്റിയ കെടിഎം ഡ്യൂക്ക് 390, 250 മോഡലുകൾ ബൈക്കുകളാണ് പിടികൂടിയത്. എൻഫോഴ്സ്മെന്റ് ആർടിഒ എ സി ആന്‍റണിയുടെ നിർദേശപ്രകാരം ‘ഓപറേഷൻ റേസ്’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനക്കൊടുവിൽ ആലപ്പുഴ ടൗണിൽനിന്നാണ് ഇവ പിടികൂടിയത്.
പരിശോധനക്കിടെ കൈകാണിച്ചാൽപോലും നിർത്താതെപായുന്ന ബൈക്കുകളിലെ നമ്പർപ്ലേറ്റുകൾ മടക്കിയും അഴിച്ചുവെച്ചുമാണ് ഇവർ ഓടിക്കുന്നത്. ഇതിനാൽ ഫോട്ടോയെടുത്താൽപോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനൊപ്പം ഇൻഡിക്കേറ്റർ, ഇരുവശങ്ങളിലെയും കണ്ണാടി, മഗ്ഗാർഡ് എന്നിവയും അഴിച്ചുമാറ്റിയിരുന്നതായി കണ്ടെത്തി. വാഹനങ്ങൾ വാങ്ങുമ്പോഴുള്ള മുഴുവൻ സുരക്ഷസംവിധാനങ്ങളും നീക്കിയാണ് നിരത്തിലൂടെ പാഞ്ഞിരുന്നത്.
പിടികൂടിയ ഇരുവാഹനങ്ങളിലെയും ഉടമസ്ഥരെ വിളിച്ചുവരുത്തി രൂപമാറ്റംവരുത്തിയത് പുനഃസ്ഥാപിച്ചും കനത്തപിഴ ചുമത്തിയശേഷമാണ് വിട്ടയച്ചത്. പരിശോധനക്ക് ഇൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജിൻസർ സേവ്യർ പോൾ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടമാരായ എ. നജീബ്, എ. വരുൺ എന്നിവർ നേതൃത്വം നൽകി.