ദില്ലി: അഴിമതിയെന്ന വാക്ക് ഇനി പാര്‍ലമെന്റില്‍ മിണ്ടിപ്പോകരുതെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ്. സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഇനി പാര്‍ലമെന്റില്‍ ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്സഭയിലും രാജ്യസഭയിലും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത അണ്‍പാര്‍ലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക പുറത്തിറക്കി. ലോക്സഭാ സെക്രട്ടേറിയേറ്റാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള വാക്കുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അണ്‍പാര്‍ലമെന്ററിയായി കണക്കാക്കുന്ന ഇംഗ്ലീഷ് പദങ്ങളില്‍ ചിലത് ഇവയൊക്കെയാണ്- bloodshed (രക്തച്ചൊരിച്ചില്‍), betrayed (ഒറ്റിക്കൊടുക്കുക), abused (അപമാനിക്കപ്പെട്ട), cheated (വഞ്ചിക്കുക), corrupt (അഴിമതിക്കാരി/ അഴിമതിക്കാരന്‍), coward (ഭീരു), ക്രിമിനല്‍, crocodile tears ( മുതലക്കണ്ണീര്‍), donkey (കഴുത), disgrace (കളങ്കം), drama (നാടകം), mislead (തെറ്റിദ്ധരിപ്പിക്കുക), lie (നുണ), untrue (അസത്യം), covid spreader (കോവിഡ് പരത്തുന്നയാള്‍), incompetent (അയോഗ്യത).
ഗദ്ദാര്‍ (ചതിയന്‍), കാലാദിന്‍ (കറുത്തദിനം), ദാദാഗിരി (വിരട്ടല്‍), നികമ്മ (പ്രയോജനമില്ലാത്തത്), ശകുനി, ഖലിസ്ഥാനി തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഹിന്ദി വാക്കുകളില്‍ ചിലത്.
ജൂലൈ 18-നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് പുതിയ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കിയിരിക്കുന്നത്. എല്ലാക്കൊല്ലവും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കുകയും സഭാംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ കൊല്ലം പുതുക്കിയ പട്ടികയാണ് ഇപ്പോള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരിക്കുന്നത്.