NEWS

പതിനാല് ജില്ലകളിലായി പതിനാല് വെള്ളച്ചാട്ടങ്ങൾ

മയവും പണവും യാത്ര ചെയ്യാന്‍ മനസ്സും ഉള്ളവര്‍ കുളുവും മണാലിയും കാശ്മീരും ഒക്ക അടിച്ചുപൊളിക്കുവാന്‍ പോകുമ്പോള്‍ ഇത്തിരി മാത്രം സമയമുള്ളവരും സാധാരണക്കാരും എന്ത് ചെയ്യും? തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം എന്നല്ലാതെ മറ്റൊരു വഴി അവര്‍ക്കില്ല.ഇതാ ഒന്നു മനസ്സുവെച്ചാൽ പോയി വരാന്‍ സാധിക്കുന്ന, കേരളത്തിലെ ചില വെള്ളച്ചാട്ടങ്ങൾ.
തിരുവനന്തപുരം-മീന്‍മുട്ടി വെള്ളച്ചാട്ടം
 
വിതുരയ്ക്കും പൊന്‍മുടിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സാഹസികര്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒന്നാണ്. കാടിനുള്ളിലൂടെ കിലോമീറ്ററുകള്‍ നടന്നു മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ ഗൈഡുകളെ ആശ്രയിക്കേണ്ടി വരും. കല്ലാര്‍ നദിയില്‍ നിന്നും ഉത്ഭവിക്കുന്ന കുറേ വെള്ളച്ചാട്ടങ്ങളില്‍ ഒന്നുമാത്രമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം അഥവാ മീനുമുട്ടി വെള്ളച്ചാട്ടം. പല തട്ടുകളിലായി താഴേക്ക് പതിക്കുന്ന ഇത് കാഴ്ചയില്‍ ഏറെ മനോഹരമാണ്.എന്നാല്‍ മഴക്കാലങ്ങളില്‍ ഏറെ അപകടങ്ങള്‍ ഇവിടെ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ മണ്‍സൂണില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.തിരുവനന്തപുരത്തു നിന്നും 46 കിലോമീറ്ററും വിതുരയില്‍ നിന്നും 9 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
കൊല്ലം-പാലരുവി വെള്ളച്ചാട്ടം
കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് ഇടനാടന്‍ കുന്നുകളിലെ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു വരുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കു പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്. പക്ഷെ എല്ലാ ക്ഷീണവും അകറ്റും ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം. ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഈ അരുവിയുടെ തണുപ്പില്‍ ഒരു മുങ്ങിക്കുളിയും മറക്കാനാകാത്തതാകും.
പത്തനംതിട്ട-പെരുന്തേനരുവി
 
പത്തനംതിട്ട നഗരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി.പശ്ചിമഘട്ട മലനിരകളിലൂടെ ശാന്തമായി ഒഴുകിയത്തെി രൗദ്രഭാവം പൂണ്ട് 100അടി ഉയരത്തില്‍ നിന്ന് പമ്പാനദിയിലേക്ക് പതിക്കുന്ന പെരുന്തേനരുവിയുടെ കാഴ്ച കാണേണ്ടത് തന്നെയാണ്. വനമേഖലയുടെ പശ്ചാത്തലത്തില്‍ ഒഴുകിപരക്കുന്ന പമ്പാനദിയുടെ ദൃശ്യം ഒരായിരം ഫ്രെയിമുകള്‍ക്ക് പകരം വെക്കാവുന്നതല്ല.
ആലപ്പുഴ -ഇരപ്പൻപാറ
ആലപ്പുഴ ജില്ലയിലെ ഏക വെള്ളച്ചാട്ടമാണ് ഇരപ്പന്‍പാറ.പാറകളിലേക്ക് വെള്ളം ഇരച്ചെത്തുന്ന ശബ്ദം കാരണമാണ് ഈ വെള്ളച്ചാട്ടത്തിന് ഇരപ്പന്‍ പാറയെന്ന് പേര് വന്നത്.താമരക്കുളം – ഓച്ചിറ റോഡില്‍ താമരക്കുളം ജംക്ഷന് സമീപമാണ് ഇരപ്പന്‍പാറ വെള്ളച്ചാട്ടം.
കോട്ടയം-അരുവിക്കുഴി
 
 റബർക്കാടുകൾക്കിടയിൽ പ്രകൃതി കാത്തുവെച്ച വിസ്മയമാണ് കോട്ടയത്തെ അരുവിക്കുഴി വെളളച്ചാട്ടം.നൂറടി ഉയരത്തിൽ നിന്നും പതിക്കുന്ന വെളളച്ചാട്ടം കാണാൻ സദാ സന്ദർശകരെത്താറുണ്ട്. കുടുംബത്തോടൊപ്പം വന്നുല്ലസിക്കാവുന്ന സുരക്ഷിതമായ ജലപാതമാണിത്.ഹൃദ്യമായ കാലാവസ്ഥയും എപ്പോഴും വീശുന്ന കുളിർമ്മയുളള കാറ്റും കോട്ടയത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇവിടം മാറ്റുന്നു.
ഇടുക്കി-ചീയപ്പാറ
 
ഇടുക്കി ജില്ലയിലെ മുന്നാറിലേക്കുള്ള യാത്രാ മധ്യേയാണ് ചീയപ്പാറ വെള്ളച്ചാട്ടം.നിബിഡമായ വനം, അപൂർവമായ സസ്യജാലങ്ങൾ, ഏഴു തട്ടുകളിലായി കുത്തി ഒലിച്ചുവരുന്ന വെള്ളച്ചാട്ടങ്ങൾ ഇതൊക്കെയാണ് ചീയപ്പാറയുടെ പ്രത്യേകത.
എറണാകുളം-അരീക്കൽ
 
പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയിറങ്ങി, കുത്തിയൊലിച്ച് കാഴ്ചയിൽ ഭീകരനായാണ് എത്തുന്നതെങ്കിലും കൊച്ചുകുട്ടികൾക്കു പോലും അർമ്മാദിക്കുവാൻ പറ്റിയ ഇടമാണിത്. എറണാകുളം ജില്ലയിൽ സഞ്ചാരികൾക്ക് തീരെ അപരിചിതമായ ഈ വെള്ളച്ചാട്ടം ഭംഗിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസിനും തയ്യാറാകാത്ത ഇടം കൂടിയാണ്.എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികൾക്ക് അധികമൊന്നും അറിയില്ലാത്ത ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.പിറവം പിറമാടം-വെട്ടിമൂട് റൂട്ടിലാണ് ഇതുള്ളത്.
തൃശൂർ-അതിരപ്പിള്ളി
 
കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി.തൃശൂർ നഗരത്തിൽ നിന്നും 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. 
പാലക്കാട്-സീതാർക്കുണ്ട്
 
പാലക്കാടില്‍ നിന്നും 65 കീ.മീ അകലത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ് സീതാർക്കുണ്ട്.ഈ ഹില്‍ സ്റ്റേഷന്റെ അഭൗമ സൗന്ദര്യമാണ്  മലനിരകള്‍ക്ക് പാദസ്വരം അണിഞ്ഞപ്പോലുളള സീതാര്‍ക്കുണ്ട് വെളളച്ചാട്ടം.
മലപ്പുറം-ആഢ്യൻപാറ വെള്ളച്ചാട്ടം
മലപ്പുറം ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. ഹരിതാഭമാണ് വെള്ളച്ചാട്ടത്തിനു സമീപമുള്ള പ്രകൃതി.വളരെ ശുചിത്വമുള്ള പരിസരവും നീന്തിത്തുടിക്കാവുന്ന നീരൊഴുക്കും ആഢ്യൻപാറയുടെ പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നു പൊതുവെ കരുതപ്പെടുന്നു.ജില്ലയിലെ മനോഹരമായ പ്രദേശങ്ങളിലൊന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: