പൊതുമേഖലാ ബാങ്കുകളില്‍ ക്ലാര്‍ക്ക് നിയമനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് അപേക്ഷിക്കാം. ജൂലൈ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി 6035 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 70 ഒഴിവുണ്ട്.
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന് ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം. ഐ.ബി.പി.എസ്. പരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമേ ഈ ബാങ്കുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ (2023-24) ക്ലാര്‍ക്ക് നിയമനങ്ങള്‍ക്കു പരിഗണിക്കൂ. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യുന്നവരെ ഈ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2024 മാര്‍ച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങള്‍ക്ക് അവസരമുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്ര ഭരണപ്രദേശത്തിനു ബാധകമായ കേന്ദ്രത്തില്‍ പരീക്ഷ എഴുതണം.
യോഗ്യതയും പ്രായവും
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ലാംഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഹൈസ്കൂള്‍/കോളജ്/ഇന്‍സ്റ്റിറ്റ്യൂട്ട് തലത്തില്‍ കംപ്യൂട്ടര്‍/ഐ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷാപരിജ്ഞാനം ഉള്ളവര്‍ക്കു മുന്‍ഗണന. 2022 ജൂലൈ 21 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും.
പ്രായം: 2022 ജൂലൈ ഒന്നിന് 20-28 വയസ്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും അംഗപരിമിതര്‍ക്കു പത്തും വര്‍ഷം ഇളവുണ്ട്. വിമുക്തഭടന്മാര്ക്കും ഇളവുണ്ട്.
പരീക്ഷ രണ്ടുഘട്ടം
പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടുഘട്ടങ്ങളുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ്. പ്രിലിമനറി പരീക്ഷ സെപ്റ്റംബറിലും മെയിന്‍ പരീക്ഷ ഒക്ടോബറിലും നടത്തും. രണ്ടിനും ഒബ്ജക്ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാര്‍ക്കുമുണ്ട്. മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയ്ക്ക് ഇംീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് ്എബിലിറ്റി എന്നീ വിഷയങ്ങളുണ്ടാകും.
ഒരു മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. കേരളത്തിലും ലക്ഷദ്വീപിലും നിന്നുള്ളവര്‍ക്ക് പരീക്ഷാമാധ്യമമായി മലയാളം, ഇംീഷ്, ഹിന്ദി ഭാഷകള്‍ തിരഞ്ഞെടുക്കാം. കേരളത്തില്‍ (സ്റ്റേറ്റ് കോഡ്: 27) കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. മെയിന്‍ പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തിലെ കേന്ദ്രങ്ങള്‍.
ഫീസ്: 850 രൂപ (പട്ടികവിഭാഗം, വിമുക്തഭടന്, ഭിന്നശേഷിക്കാര്‍ക്ക് 175 രൂപ) ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ റജിസ്ട്രേഷനും വിജ്ഞാപനത്തിനും www.ibps.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.