KeralaNEWS

ആന്റണി രാജുവിന്റെ പരിപാടി കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു. തൊഴിലാളികള്‍ ബഹിഷ്‌കരിച്ചു; തൊഴിലാളി സംഘടനകള്‍ ബഹിഷ്‌കരിച്ചതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു മന്ത്രി

കണ്ണൂര്‍: കണ്ണൂരില്‍ മന്ത്രി ആന്റണി രാജുവിന്റെ പരിപാടി കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു. അംഗീകൃത യൂണിയനായ കെ.എസ്.ആര്‍.ടി.ഇ.എ. ബഹിഷ്‌കരിച്ചു. കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിനാണ് മന്ത്രിയെത്തിയത്. ബസുകളുടെ ബോര്‍ഡില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. താന്‍ പങ്കെടുത്ത പരിപാടി തൊഴിലാളി സംഘടനകള്‍ ബഹിഷ്‌കരിച്ചതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. എന്തെങ്കിലും അസൗകര്യമുള്ളതുകൊണ്ടാകും തൊഴിലാളികള്‍ പരിപാടിക്കു വരാതിരുന്നതെന്നും അവരെകൂടി വിശ്വാസത്തിലെടുത്താണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി ആന്റണി രാജു സംഘടനകള്‍ക്കെതിരേ നടത്തുന്ന പ്രസ്താവനകളാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് രൂപവത്കരണവും സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള തര്‍ക്കങ്ങളുമാണ് ഭരണകക്ഷി യൂണിയന്‍തന്നെ മന്ത്രിെയ ബഹിഷ്‌കരിക്കുന്നതിലേക്കു വളര്‍ന്നത്. കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് സര്‍വീസ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ കേരള െഹെക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Signature-ad

ഇതിനെ സ്വാഗതം ചെയ്ത മന്ത്രി ആന്റണി രാജു, കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പ്പിനു കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് അത്യാവശ്യമാണെന്നും വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുള്ള സാധ്യത പരിമിതമാണെന്നു മന്ത്രി മുമ്പു പറഞ്ഞിട്ടുണ്ട്. യൂണിറ്റ് തലത്തില്‍ യൂണിയന്‍ നേതാക്കള്‍ക്കു പ്രൊട്ടക്ഷന്‍ നല്‍കേണ്ടിവരുന്ന മറ്റൊരു സ്ഥാപനമില്ലെന്നു പറഞ്ഞു തൊഴിലാളി യൂണിയനുകളെ നിശിതമായി വിമര്‍ശിക്കാനും മന്ത്രി മുതിര്‍ന്നിരുന്നു. ഇതെല്ലാമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

Back to top button
error: