ദില്ലി : രാജ്യത്ത് നടക്കുന്ന ഫൈവ് ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ ഇന്നലെ സമയം അവസാനിക്കുന്നതുവരെ അപേക്ഷ സമർപ്പിച്ചത് നാല് കമ്പനികൾ മാത്രം. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, എന്നിവയ്ക്കുപുറമെ ഒരു കമ്പനി കൂടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഈ കമ്പനി ഏതെന്ന് വ്യക്തമല്ലെങ്കിലും ഇത് അദാനി ഗ്രൂപ്പിന്റെ ഒരു കമ്പനിയാണ് എന്നാണ് റിപ്പോർട്ട്. ഏഷ്യയിലെ അതിസമ്പന്നരിൽ ഒന്നാമനായ ഗൗതം അദാനിയും 5 ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതായി ഇന്നാണ് വാർത്ത വന്നത് . അദാനി ഗ്രൂപ്പും ടെലികോം രംഗത്തേക്ക് കടക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിലവിലെ ടെലികോം കമ്പനികൾക്ക് വലിയ വെല്ലുവിളിയായിരിക്കും അദാനി ഗ്രൂപ്പിന്റെ കടന്നുവരവ് എന്ന കാര്യത്തിൽ തർക്കമില്ല.
5 ജി സ്പെക്ട്രം ലേലത്തിന് പങ്കെടുക്കുന്നതിനുള്ള താൽപര്യപത്രം ഗ്രൂപ്പ് ജൂലൈ 8ന് സമർപ്പിച്ചു. ഇന്നലെയായിരുന്നു ഇതിനുള്ള അവസാന തീയതി. അദാനി ഗ്രൂപ്പിലെ ഏത് സ്ഥാപനമാണ് അപേക്ഷ സമർപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല.
ഇതേക്കുറിച്ച് ഇതുവരെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരും ലേലത്തിൽ പങ്കെടുക്കാൻ താല്പര്യം പത്രം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഈ കമ്പനികൾ ആരുംതന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.