സമൂഹത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് സ്വധാര്‍ ഗൃഹ്. പ്രതിസന്ധികളും ചൂഷണവും നേരിടുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസസൗകര്യം, പുനരധിവാസം, വൈദ്യസഹായം, നിയമസഹായം മുതലായവ നല്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്.
മാനസികമായി പ്രയാസം നേരിടുന്ന സ്ത്രീകള്‍ക്ക് വൈകാരിക പിന്തുണ നല്കി പുതിയ ജീവിതം നല്‍കുകയാണ് ഈ പദ്ധതി. എന്‍ജിഒകള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ തുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും നല്കുന്നു. സംസ്ഥാനത്തെ 4 ജില്ലകളില്‍ നിന്നുള്ള 7 എന്‍ജിഒകള്‍ മുഖേനയാണ് സ്വധാര്‍ ഗൃഹ് നടപ്പാക്കുന്നത്. കേരള സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് എന്‍ജിഒ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷം വരെ താമസ സൗകര്യം ഒരുക്കുന്നു. മറ്റ് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് പരമാവധി 3 വര്‍ഷം വരെ താമസ സൗകര്യം ലഭിക്കും. 55 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പരമാവധി 5 വര്‍ഷം വരെ താമസ സൗകര്യം ലഭിക്കുന്നു. ശേഷം അവരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കും. 18 വയസ് വരെയുള്ള പെണ്മക്കളെയും 8 വയസ് വരെയുള്ള ആണ്‍കുട്ടികളെയും ഗുണഭോക്താക്കള്‍ക്കൊപ്പം താമസിക്കാന്‍ അനുവദിക്കും.
എന്തൊക്കെ സേവനങ്ങള്‍?
- താല്‍ക്കാലിക താമസസൗകര്യം, ഭക്ഷണം, വൈദ്യസഹായം എന്നിവ നല്കുന്നു.
- തൊഴില്‍ പരിശീലനങ്ങള്‍ നല്കി പുനരധിവസിപ്പിക്കുകയും, കൗണ്‍സിലിംഗ് നല്‍കുകയും, നിയമസഹായം നല്‍കുകയും ചെയ്യുന്നു.
ഗുണഭോക്താക്കള്‍ ആരൊക്കെ?
-
- ഉപേക്ഷിക്കപ്പെട്ടവരോ, സാമൂഹികമായും സാമ്പത്തികമായും പിന്തുണയില്ലാത്തവരോ ആയവര്‍
- പ്രകൃതിദുരന്തങ്ങള്‍ മൂലം വീട് നഷ്ടപ്പെട്ടവര്‍
- ജയില്‍മോചിതരായ സ്ത്രീകള്‍
ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് കുഞ്ഞിന് രണ്ട് വയസ് തികയുന്നത് വരെ പ്രതിമാസം 2,000 രൂപ ധനസഹായം നല്കുന്ന പദ്ധതിയാണ് മാതൃജ്യോതി. ഉപജീവന മാര്‍ഗങ്ങളില്ലാതെ കഴിയുന്ന അമ്മമാര്‍ക്ക് പൂര്‍ണ സമയവും കുഞ്ഞിനോടൊപ്പം ചെലവഴിക്കാന്‍ സഹായിക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മമാര്‍ക്ക് ഇതിലൂടെ കുഞ്ഞിന് മികച്ച പരിചരണം നല്കാന് സാധിക്കും. 2021-22ല്‍ മാതൃജ്യോതി പദ്ധതി പ്രകാരം 79 പേര്‍ക്കാണ് ധനസഹായം ലഭിച്ചത്.
പദ്ധതിയുടെ വിശദ വിവരങ്ങള്‍
-
- വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
- വരുമാന സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ സാമൂഹികനീതി ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.
- പരമാവധി രണ്ടു തവണ മാത്രമാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക.
- അപേക്ഷകയുടെ സ്ഥിരമായി താമസിക്കുന്ന ജില്ലയിലാണ് അപേക്ഷ നല്‍കേണ്ടത്.
- ദമ്പതികളില്‍ രണ്ടുപേരും വൈകല്യം ബാധിച്ചവരാണെങ്കില്‍ മുന്‍ഗണന ലഭിക്കും. രണ്ടുപേരുടെയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഭര്‍ത്താവിന്റെ ഭിന്നശേഷി 40 ശതമാനത്തില്‍ കൂടുതലായിരിക്കണം.