NEWSWorld

ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ചു; ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി

ലണ്ടൻ : ബോറിസ് ജോൺസൺ സർക്കാരിലെ രണ്ട് മുതിർന്ന മന്ത്രിമാർ രാജിവെച്ചതോടെ ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി. റിഷി സുനക്, സാജിദ് ജാവിദ് എന്നീ മന്ത്രിമാരാണ് രാജിക്കത്ത് നൽകിയത്.  പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടുകളോട് വിയോജിച്ചാണ് മന്ത്രിമാരുടെ രാജി.

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വേട്ടയാടുന്ന ബോറിസ് ജോൺസന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായിരിക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ക്രിസ് പിഞ്ചർ അനവധി ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനാണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടർന്ന് പിഞ്ചറെ നീക്കി. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം പുകയുകയാണ്. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരുടെ രാജി.

Signature-ad

ജനങ്ങൾ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നതായി രാജിവെച്ച മന്ത്രിമാർ പറഞ്ഞു. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്നതിനാലാണ് രാജി നൽകിയതെന്നും ഇരുവരും വ്യക്തമാക്കി.

Back to top button
error: