കാസർകോട്: കാഴ്ച്ച ശക്തി പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടും ജോലി ചെയ്തു ജീവിക്കാനുള്ള കെ ടി ഷജിത്ത് കുമാറിന്റെ നിശ്ചയദാര്‍ഢ്യത്തിന് സര്‍ക്കാരിന്റെ കൈത്താങ്ങ്.
മധൂര്‍ പഞ്ചായത്തില്‍ എല്‍.ഡി ക്ലര്‍ക്കായി ജോലി ചെയ്തുവരവെ പൂര്‍ണമായും കാഴ്ച്ചശക്തി നഷ്ടപ്പെട്ട് മൂന്നുവര്‍ഷകാലമായി ശമ്പളമില്ലാത്ത അവധിയില്‍ ആയിരുന്ന ഷജിത്ത്കുമാര്‍ കാസര്‍കോട് കലക്ടറേറ്റില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ടെലിഫോണ്‍ ഓപ്പറേറ്റററായി പുതിയ ജോലിയിൽ പ്രവേശിച്ചു.
സൂപ്പര്‍ന്യൂമറി തസ്തിക വഴി ആണ് ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
2016 ഡിസംബറിലാണ് പഞ്ചായത്ത് വകുപ്പില്‍ ഷജിത്ത് കുമാര്‍ എല്‍.ഡി.സി ക്ലര്‍ക്കാകുന്നത്. മഞ്ചേശ്വരം മധൂര്‍ പഞ്ചായത്തിലും ജോലിചെയ്തിരുന്നു. പെട്ടെന്നൊരുനാള്‍ ഹൈമയോപ്പിയ ബാധിച്ച് കണ്ണില്‍ പൂര്‍ണമായും ഇരുട്ടുകയറുകയായിരുന്നു. കംപ്യൂട്ടറും ഫയലും നോക്കാന്‍ പറ്റാതായി. തുടര്‍ന്നാണ് മറ്റൊരു ജോലിക്കായി സര്‍ക്കാരില്‍ അപേക്ഷിച്ചത്. സി എച്ച് കുഞ്ഞമ്പു എംഎല്‍എ യാണ് ഷജിത്ത് കുമാറിന്റെ പ്രശ്‌നം തദ്ദേശ സ്വയം ഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം, സര്‍വീസ് കാലയളവില്‍ വൈകല്യമുണ്ടായാല്‍ റാങ്കില്‍ തരംതാഴ്ത്തരുത്. ഈ നിയമം ഉപയോഗിച്ചാണ് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചത്. ഷജിത്ത്കുമാര്‍ വിരമിക്കുന്നതോടെ തസ്തികയും ഇല്ലാതാകും.