IndiaNEWS

നുപുര്‍ ശര്‍മയുടെ അറസ്റ്റില്‍ പൊലീസ് മെല്ലെപ്പോക്കിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ

ദില്ലി: ബിജെപി മുൻ വക്താവ് നുപുർ ശർമയുടെ അറസ്റ്റിൽ പൊലീസ് മെല്ലെപ്പോക്ക് തുടരുമ്പോൾ പിന്തുണയുടെ സൂചനയുമായി കേന്ദ്രസർക്കാർ. സുപ്രീംകോടതി പരാമർശങ്ങളിൽ വിയോജിപ്പുണ്ടായാലും പുറത്തു പറയുന്നത് ശരിയല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. നുപുർ ശ‍മ്മയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റിൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി

നുപുർ ശർമയുടെ വാക്കുകൾ രാജ്യത്ത് തീ പടർത്തിയെന്നും ഉദയ‍്‍പൂരിലും അമരാവതിയിലും പ്രസ്താവനയ്ക്കു ശേഷമുള്ള അന്തരീക്ഷം കൊലപാതകങ്ങളിലേക്ക് നയിച്ചെന്ന് സുപ്രീംകോടതി വിമർശനമാണ് വിഷയം വീണ്ടും സജീവമാക്കിയത്. ഇതിന് പിന്നാലെ നുപുർ ശർമയെ വീണ്ടും ചോദ്യം ചെയ്യും എന്ന് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം സൂചന നൽകി. എന്നാൽ ഇതുവരെ നോട്ടീസ് പോലും നൽകിയിട്ടില്ല. 2018ലെ ട്വീറ്റിന്റെ പേരിൽ മൊഹമ്മദ് സുബൈറിനെ അറസ്റ്റു ചെയ്ത പൊലീസ് കോടതി രേഖാമൂലം നിർദ്ദേശം നൽകിയില്ല എന്ന പഴുത് ഉപയോഗിച്ച് അറസ്റ്റ് തൽക്കാലം നീട്ടുകയാണ്. നുപുർ ശർമയെ സസ്പെൻഡ് ചെയ്തെങ്കിലും തുടർ നടപടി ഒഴിവാക്കുകയാണ് ബിജെപിയും.

Signature-ad

ഇതിനിടെ, സുപ്രീംകോടതി പരമാർശങ്ങളോട് യോജിപ്പില്ലെന്ന സൂചനയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രംഗത്തെത്തി. കേന്ദ്ര സർക്കാരും ആളികത്തുന്ന വർഗീയതയുടെ കൂടെയാണെന്ന് തെളിയിക്കുന്നതാണ് നിയമമന്ത്രിയു‍ടെ വാക്കുകളെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

അറസ്റ്റ് വൈകുന്നത് പാർലമെൻറിൽ ഇക്കാര്യം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം രാജസ്ഥാനിൽ ഉൾപ്പെടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ധ്രുവീകരണം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നിയമലംഘനം വ്യക്തമായിട്ടും നുപുർ ശർമ്മയുടെ അറസ്റ്റ് ഒഴിവാക്കുന്നത് ഈ അന്തരീക്ഷം മുതലെടുക്കാനുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Back to top button
error: