പാലക്കാട്: പാലക്കാട് ജില്ലയിലെ അഹല്യ ക്യാമ്പസിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് യുവ് ചിന്തൻ ശിവിർനു നേരെ ആക്രമണമെന്ന് പരാതി. ഉച്ചയോടെ ബൈക്കിലെത്തിയ നാലംഗ സംഘം ഫ്ലക്സ് ബോർഡുകളും കമാനങ്ങളും അടിച്ച് തകർത്തെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. മദ്യപിച്ചെത്തിയവരാണ് അക്രമികൾ, ഇവരെ ഉടൻ പൊലീസ് പിടികൂടണം എന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ ക്യാമ്പ് ഇന്നാണ് തുടങ്ങിയത്.
എന്നാല്‍ കഴിഞ്ഞ ദിവസം എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം സ്‌ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടം വരുത്താനെന്ന് എഫ്‌ഐആര്‍. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് മണിക്കൂർ കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഇന്നലെ രാത്രി മുതൽ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസുകാരെല്ലാം അരിച്ചു പെറുക്കിയിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ സൂചനയില്ല. പൊലീസുകാർ കാവൽ നിൽക്കുമ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം സുരക്ഷ വീഴ്ചയെന്നാണ് വിലയിരുത്തൽ. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എഡിജിപി വിജയ് സാക്കറെ പറഞ്ഞു.
എട്ട് പൊലീസുകാർ എകെജി സെന്‍ററിന് മുന്നിൽ സുരക്ഷ ജോലി നോക്കുമ്പോഴാണ് സ്കൂട്ടിലെത്തിയ അക്രമി എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു വലിച്ചറിഞ്ഞ് രക്ഷപ്പെട്ടത്. എകെജി സെന്‍ററിനുള്ളിലുന്നവർ പോലും ഉഗ്ര സ്ഫോടക ശബ്ദം കേട്ടതായി പറയുന്നു. പക്ഷെ എകെജി സെന്‍ററിന് മുന്നിലും, എതിരെ സിപിഎം നേതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലും നിലയിറപ്പിച്ചിരുന്ന പൊലീസുകാർ അക്രമിയെ കണ്ടില്ല. ശബ്ദം കേട്ട് ഈ ഭാഗത്തേക്ക് ഓടിയെത്തുകയോ അക്രമിയെ പിന്തുടരുകയോ ചെയ്തില്ല. എകെജി ഹാളിലേക്ക് പോകുന്ന ഗേറ്റിൽ പൊലീസുകാരെ വിന്യസിച്ചിരുന്നില്ല. ഇവിടെയാണ് അക്രമം നടന്നത്.