CrimeNEWS

ബാലഭാസ്‌കറിന്റെ ഫോണ്‍ എന്തുകൊണ്ട് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ല; സിബിഐയോട് വിശദീകരണം തേടി കോടതി

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജിയില്‍ കോടതി അന്വേഷണ ഏജന്‍സിയോട് വിശദീകരണം തേടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ ഉണ്ണിയാണ് കോടതിയെ സമീപിച്ചത്.

ബാലഭാസ്‌കറിന്റേയും മകളുടേയും അപകട മരണത്തിന് പിന്നില്‍ അട്ടിമറി ഇല്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഇത് തള്ളണമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമാണ് റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ സിജെഎം കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.

Signature-ad

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ബാലഭാസ്‌കറിന്റെ ഫോണ്‍ എന്തു കൊണ്ട് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. കേസ് ജൂലൈ അഞ്ചിന് വീണ്ടും പരിഗണിക്കും.

2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്ത് പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായതും ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.

Back to top button
error: