CrimeNEWS

സൗദിയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ !

റിയാദ്: ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസിൽ മലയാളി യുവാവിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപ പിഴ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ ദമ്മാം ക്രിമിനല്‍ കോടതി കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്.

52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ. മൂന്ന് മാസം മുമ്പാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രെയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. എന്നാല്‍ ട്രെയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നു.

Signature-ad

കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കോടതി ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിക്ഷിക്കപ്പെട്ട മലയാളി യുവാവ്. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തി നാടുകടത്തും. പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരും. പിന്നീട് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനാകില്ല. ഇത്തരം കേസില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പിഴ ശിക്ഷയാണിത്.

Back to top button
error: