നിങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് കോടതിയില്‍ നടക്കുന്നു.നമ്മളെല്ലാം ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ ഒരു ശക്തിയില്‍ വിശ്വസിക്കുന്ന ആളുകളുമാണ്.അപ്പോൾ കേസ് ജയിക്കാൻ ആരോടാണ് പ്രാര്‍ഥിക്കുക ? മുൻകാല അനുഭവങ്ങൾ വച്ച് മുപ്പത്തി മുക്കോടി ദൈവങ്ങളെ വിളിച്ചിട്ട് എന്തേലും കാര്യമുണ്ടാകുമോ എന്നൊക്കെയുള്ള ശങ്കകള്‍ അപ്പോൾ മനസ്സിനെ അലട്ടിയെക്കാം,അല്ലേ..? എന്നാല്‍ ഇത്തരം വ്യവഹാരങ്ങളിൽ പെടുമ്പോൾ ഇനിയെങ്കിലും ഓർക്കുക- പ്രാര്‍ഥിക്കാന്‍ നിയമമറിയുന്ന ഒരു ജഡ്ജിയമ്മാവന്റെ അമ്പലമുണ്ട് കേരളക്കരയിൽ.
കോട്ടയം ജില്ലയിലെ പൊൻകുന്നത്തുനിന്ന് ചിറക്കടവ്-മണിമല റൂട്ടിൽ(റാന്നി-മുക്കട-പൊൻകുന് നം റൂട്ടിൽ സഞ്ചരിച്ചാലും എത്താം) എട്ടുകിലോമീറ്ററോളം സഞ്ചരിച്ചാൽ 300 വർഷങ്ങളോളം പഴക്കമുണ്ടെന്നു വിശ്വസിക്കുന്ന ചെറുവള്ളി ദേവീക്ഷേത്രത്തിലെത്താം. തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന ഗോവിന്ദപ്പിള്ളയാണ് ഇവിടത്തെ ജഡ്ജിയമ്മാവൻ പ്രതിഷ്ഠയായത്. അതൊരു കഥയാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ധർമരാജാവായ കാർത്തിക തിരുനാൾ രാമവർമ തിരുവിതാംകൂർ ഭരിക്കുന്ന കാലം. നീതിശാസ്ത്രത്തിൽനിന്ന് അണുവിടതെറ്റാതെ ഭരണം നടത്തുന്ന രാജാവിന്റെ, സദർ കോടതി (ഇപ്പോഴത്തെ ഹൈക്കോടതി) ജഡ്ജിയായിരുന്നു തിരുവല്ല തലവടി രാമവർമപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ള. നീതിശാസ്ത്രങ്ങളിലും സംസ്കൃതത്തിലും നിപുണൻ. ഒരിക്കൽ സ്വന്തം അനന്തരവനെതിരായ ഒരു ആരോപണം ഇദ്ദേഹത്തിനു മുന്നിലെത്തി. ബന്ധുജന പ്രീണനമാകരുതെന്ന ശാഠ്യത്താൽ, കൂട്ടിയും കിഴിച്ചും ആലോചിച്ചും തീരുമാനമെടുത്തപ്പോൾ വന്നത് വധശിക്ഷാവിധി. മരുമകനെ വെട്ടിക്കൊന്നശേഷമാണ് തന്റെ നടപടി തെറ്റായിപ്പോയെന്ന് ഗോവിന്ദപ്പിള്ള തിരിച്ചറിയുന്നത്…….
സ്വന്തം ചോരയെ നിഗ്രഹിച്ച ഗോവിന്ദപ്പിള്ളയുടെ മനോവ്യസനം മാറിയതേയില്ല. സംഭവിച്ച തെറ്റിന് തന്നെ ശിക്ഷിക്കണമെന്നദ്ദേഹം മഹാരാജാവിനോടാവശ്യപ്പെട്ടു. എന്നാൽ,എന്നാൽ, അറിയാതെ പറ്റിപ്പോയ പിഴവായതിനാൽ തനിക്കതിനാവില്ലെന്ന നിലപാടെടുത്തു, ധർമരാജ. ഒടുവിൽ സ്വയം ശിക്ഷവിധിക്കാൻ രാജാവനുവദിച്ചു. തന്റെ ഉപ്പൂറ്റി മുറിച്ചശേഷം രക്തംവാർന്നു മരിക്കുംവരെ തൂക്കിലിടണമെന്നായിരുന്നു പിള്ളയുടെ ആഗ്രഹം. മൃതദേഹം മൂന്നുനാൾ മരക്കൊമ്പിൽ കൊളുത്തിയ വടത്തിൽ ജനങ്ങൾക്കു കാണാൻ അന്തരീക്ഷത്തിലാടണം. അങ്ങനെ ശിക്ഷ നടപ്പായി. ഒരു തറവാട്ടിൽ നടന്നത് രണ്ടു ദുർമരണങ്ങൾ. ഇരുവരുടെയും ആത്മാക്കൾ അവിടെ ചുറ്റിത്തിരിഞ്ഞു. തലമുറകളോളം തറവാട്ടിൽ അനർഥങ്ങളും അനിഷ്ടസംഭവങ്ങളും ഉണ്ടായി. അകാലമൃത്യുവടഞ്ഞ ആത്മാക്കളെ ദോഷപരിഹാരക്രിയകളോടെ കുടിയിരുത്തണമെന്നായിരുന്നു പ്രശ്നവിധി. ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെ അദ്ദേഹത്തിന്റെ മൂലകുടുംബമായ പയ്യമ്പള്ളിയിലെ ധർമക്ഷേത്രത്തിൽ, ചെറുവള്ളി ദേവിയുടെയടുത്ത് കുടിയിരുത്താൻ തീരുമാനിച്ചു. അനന്തരവനെ തിരുവല്ല നയാർ കാവിലും. ധർമരാജയുടെ മുൻഗാമിയായ മാർത്താണ്ഡവർമയിൽനിന്ന് കരമൊഴിവായിക്കിട്ടിയ ഭൂപ്രദേശം ഭരിക്കുന്ന ചെങ്ങന്നൂർ വഞ്ഞിപ്പുഴ തമ്പുരാന്റെ അധീനതയിലായിരുന്നു, ഗോവിന്ദപ്പിള്ളയുടെ ഇഷ്ടമൂർത്തികൂടിയായ ചെറുവള്ളി ദേവിയുടെ ക്ഷേത്രം. തമ്പുരാന്റെ അനുഗ്രഹാശിസ്സുകളോടെ ചെറുവള്ളിയിൽ ഗോവിന്ദപ്പിള്ളയുടെ പ്രതിഷ്ഠനടത്തി. ജഡ്ജിയുടെ പിൻഗാമികളുടെ ആഗ്രഹപ്രകാരം ജഡ്ജിയമ്മാവന് പിന്നീട് കോവിൽ പണിതു. 1978-ലാണ് പ്രതിഷ്ഠയ്ക്ക് ഇപ്പോഴത്തെ ശ്രീകോവിൽ നിർമിച്ചത്…….
പകൽ ജഡ്ജിയമ്മാവന്റെ കോവിൽ അടഞ്ഞുകിടക്കും. ദേവിക്കുള്ള പൂജകളും കൊടുങ്കാളിക്കുള്ള ഗുരുതിയുമൊക്കെ കഴിഞ്ഞശേഷം രാത്രി 8.30-ഓടെയാണ് ജഡ്ജിയമ്മാവനെ പ്രസാദിപ്പിക്കാനുള്ള കർമങ്ങൾ. കരിക്കഭിഷേകം, അടനിവേദ്യം, അടക്ക-വെറ്റില സമർപ്പണം തുടങ്ങിയവയാണ് ജഡ്ജിയമ്മാവന് പ്രിയം.
നീതിക്കുവേണ്ടി വ്യവഹാരം നടത്തുന്നവർ മുന്നിലെത്തി പ്രാർഥിച്ചാൽ എന്തു പ്രതിബന്ധങ്ങളുണ്ടെങ്കിലും ജഡ്ജിയമ്മാവൻ കൈവിടില്ലെന്നാണ് വിശ്വാസം. കോടതികളിൽ കയറിയിറങ്ങുന്ന ഒട്ടേറെപ്പേർ ദിനംപ്രതി ജയംതേടി ജഡ്ജിയമ്മാവന്റെ മുന്നിലെത്തുന്നു. കൂപ്പുകൈയുമായി മടങ്ങുന്നു. ജഡ്ജിയമ്മാവനു മുന്നിൽ ആയിരം അടകൾ നേദിച്ച ദിവസങ്ങൾ പോലുമുണ്ടായിട്ടുണ്ട്.അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരനും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും വേണ്ടിയൊക്കെ അനുയായികൾ, വ്യവഹാരം ജയിക്കാൻ ജഡ്ജിയമ്മാവനു മുന്നിലെത്തിയിട്ടുണ്ട്.അടുത്തി ടെ നടൻ ദിലീപ് ഇവിടെയെത്തിയതും വാർത്തയായിരുന്നു.
നീതി തേടിയലയുന്ന ആളുകള്‍ക്ക് ജഡ്ജിയമ്മാവന് കോവില്‍ മാനസികമായി വലിയ ആശ്വാസം തന്നെയാണ് നൽകുന്നത്.