അടിമാലി: കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികള്‍ മോഷ്ടിച്ചു കടത്തിയ മൂന്ന് അംഗ സംഘത്തെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് നെടുമ്പനാകുടിയില്‍ രാജന് (42), ആനച്ചാല്‍ ആമക്കണ്ടം പുത്തന്‍ പുരക്കല്‍ അഭിലാഷ് (45), തട്ടാത്തിമുക്ക് മറ്റത്തില്‍ റിനോ (32) എന്നിവരാണ് അറസ്റ്റില്‍ ആയത്.
ആനച്ചാല്‍ സെന്റ് ജോര്‍ജ് പള്ളിയിലെ കെട്ടിടനിര്‍മാണ സ്ഥലത്തുനിന്ന് ഒരു ലക്ഷത്തോളം വില വരുന്ന ജാക്കി, ഇരുമ്പു തകിട് ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളാണ് സംഘം മോഷ്ടിച്ചു കടത്തിയത്. മോഷണ മുതല്‍ കടത്താന്‍ ഉപയോഗിച്ച ഒന്നാം പ്രതി രാജന്റെ ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഭിലീഷ് ആനച്ചാല്‍ ടൗണിലെ ടാക്സി ഡ്രൈവറാണ്.
മോഷണം സംബന്ധിച്ച് പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഇന്നലെ രാവിലെ പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജാക്കാട് ചെരിപുറത്തുള്ള രാജന്റെ ആക്രി കടയില്‍ നിന്ന് മോഷണ വസ്തുക്കള്‍ കണ്ടെടുത്തു. ഇത് തമിഴ് നാട്ടിലേക്ക് കടത്താന്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എസ്ഐമാരായ സജി എന്‍. പോള്‍, സി.യു. ഉലഹന്നാന്, എഎസ്ഐമാരായ ജോളി ജോസഫ്, കെ.എല്‍. സിബി, സിപിഒമാരായ അനീഷ് സോമന്, കെ.ടി. ജയന് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.