കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ നടന് വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടും ഇക്കാര്യം അനുവദിച്ച നടപടിയും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും.
കേസില്‍ കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലിസ് മൂന്നു ദിവസമായി ഇദ്ദേഹത്തെ ചോദ്യംചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍, സംഭവം നടന്ന ഫ്ലാറ്റില്‍ വിജയ് ബാബുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.
ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിന്റെയും പിന്‍ബലത്തില്‍ ജാമ്യം അനുവദിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സ്റ്റേഷന് ജാമ്യം അനുവദിച്ചെങ്കിലും വരുന്ന ആറ് ദിവസവും വിജയ് ബാബു പൊലീസ് നടപടികള്‍ക്ക് വിധേയനാകണം. അതേസമയം, കേസില്‍ വിജയ് ബാബു കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ടതായി കൊച്ചി പൊലീസ് പ്രതികരിച്ചു.