KeralaNEWS

‘ഉദയ്പൂരിലേത് ക്രൂരമായ കൊലപാതകം’, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവന്തപുരം: ഉദയ്പൂരില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയെ പിന്തുണയച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദയ്പൂരിലെ ക്രൂരമായ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികള്‍ നമ്മുടെ സാഹോദര്യത്തോടെയുള്ള ജീവിതത്തെ താറുമാറാക്കാനേ ഉപകരിക്കൂ. സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി നിയമം അതിന്റെ രീതിയില്‍ മുന്നോട്ട് പോകുമെന്നും ട്വീറ്റ് ചെയ്തു.

Signature-ad

കൊലപാതകത്തോടെ രാജസ്ഥാനിലെ ക്രമസമാധാന നില താറുമാറായിരിക്കുകയാണ്. അക്രമസംഭവങ്ങള്‍ തടയാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും അടുത്ത ഒരു 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. കൊലപാതകികള്‍ കൃത്യത്തിന്റെ വീഡിയോ പുറത്തുവിട്ട് രംഗത്തെത്തിയിരുന്നു. തല അറുത്ത് മാറ്റിയുള്ള കൊലപാതകം രണ്ട് പേര്‍ ചേര്‍ന്നാണ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഉദയ്പൂരില്‍ ചിലയിടങ്ങളില്‍ കടകള്‍ക്ക് തീയിട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. അതേസമയം കൊലപാതകക്കേസില്‍ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തതായി രാജസ്ഥാന്‍ ഡി ജി പി അറിയിച്ചു. രാജ്‌സമന്‍ദില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു.കൂടാതെ ഉദയ്പൂരിലെ കൊലപാതകം എന്‍ഐഎ അന്വേഷിക്കുമെന്നാണ് സൂചന. എന്‍ഐഎ ഉദ്യോഗസ്ഥര്‍ നാളെ തന്നെ രാജസ്ഥാനില്‍ എത്തിയേക്കും.

ഉദയ്പൂരിലെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. നടന്നത് ഹീനകൃത്യമാണ്. മതത്തിന്റെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പ്രതികളുടെ അറസ്റ്റ് സ്ഥീരീകരിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് കേസില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനസ്ഥിതി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

Back to top button
error: