NEWS

പ്രിയങ്കയെ കൈവെക്കാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത് ആര്? : ബിജെപി വനിത നേതാവ്‌

ത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാനെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയേയും പ്രിയങ്കഗാന്ധിയേയും തടഞ്ഞതും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും വളരെ ചര്‍ച്ചാവിഷയമായിരുന്നു.

Signature-ad

സംഭവത്തില്‍ പ്രിയങ്കയ്ക്ക് നേരെയുണ്ടായ കയ്യേറ്റശ്രമത്തില്‍ പോലീസ് മാപ്പ് പറഞ്ഞെങ്കിലും ഇപ്പോഴിതാ ആ പോലീസ് ഉദ്യോഗസ്ഥനെതിരെ യോഗി സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗ്.

എന്ത്‌ ധൈര്യത്തിലാണ് ഒരു പുരുഷ പോലീസ് ഓഫീസര്‍ ഒരു വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കയറി പിടിച്ചതെന്ന് ചിത്ര ചോദിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു വാഗിന്റെ പ്രതികരണം.

ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കയ്യേറ്റ ചിത്രം പങ്കുവെച്ച് കൊണ്ട് വാഗ് ട്വീറ്റ് ചെയ്തു.

യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് ബി.ജെ.പിയിലെ നേതാവ് തന്നെ യു.പി പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചിത്ര വാഗ് തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയറിച്ച് രംഗത്തെത്തിയിട്ടുണ്ട്.

എന്‍സിപി നേതാവായിരുന്ന ചിത്ര കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ശനിയാഴ്ച ഹത്രസിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രിയങ്കയ്‌ക്കെതിരെ കയ്യേറ്റമുണ്ടായത്.

നോയിഡ ടോള്‍ ഗേറ്റിന് സമീപം തടിച്ചു കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ലാത്തിച്ചാര്‍ജ്ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇത് കണ്ട് വാഹനത്തില്‍ നിന്നിറങ്ങിയ പ്രിയങ്ക പ്രവര്‍ത്തകരെ രക്ഷിക്കാനായി പൊലീസിന് മുമ്പില്‍ നിലയുറപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍ ഒരു പൊലീസുകാരന്‍ പ്രിയങ്ക ധരിച്ചിരുന്ന കുര്‍ത്തയില്‍ പിടിച്ചു വലിക്കുകയും ലാത്തി കൊണ്ട് തള്ളുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നു.പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസിനെ ഉപയോഗിച്ച് കൈയേറ്റം ചെയ്തതിനെ വിമര്‍ശിച്ച് ശിവസേന അടക്കം രംഗത്തെത്തിയിരുന്നു. യോഗിജിയുടെ രാജ്യത്ത് വനിതാ പൊലീസില്ലേയെന്നാണ് പ്രിയങ്കയെ കൈയേറ്റം ചെയ്യുന്ന ചിത്രം പങ്കുവച്ച് സഞ്ജയ് റാവത്ത് ചോദിച്ചത്.

ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാഹുലും പ്രിയങ്കയും ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടത്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. അമ്മയോടൊപ്പം പുല്ലുപറിക്കാന്‍ പോയ സമയത്താണ് നാലംഗസംഘം ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ പോലും മൃതദേഹം കാണിക്കാതെ പുലര്‍ച്ചെ പോലീസുകാര്‍ സംസ്‌കരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

Back to top button
error: