NEWS

മഹേഷ് സോനയുടെ ജീവിതത്തിലെ ഇത്തിൾക്കണ്ണി ,കോളേജ് മുതലുള്ള സൗഹൃദം ,ഒരുമിച്ച് താമസം

മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമായിരുന്നു സോനയും മഹേഷും തമ്മിൽ .പിന്നീട് ഒരുമിച്ചായിരുന്നു താമസം .കാണുന്നവരോട് ഭാര്യയും ഭർത്താവുമെന്നാണ് ഇരുവരും പറഞ്ഞിരുന്നത് .

കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ മുതൽ സോനയ്ക്ക് മഹേഷിനെ പരിചയം ഉണ്ട് .ഒരു സുഹൃത്തിന്റെ ബന്ധു ആയിരുന്നത്രേ മഹേഷ് .പഠന ശേഷം അങ്കമാലിയിൽ ഉള്ള ഒരാളെ സോന വിവാഹം കഴിച്ചു .എന്നാൽ ആ ബന്ധം രണ്ടു വർഷമേ നീണ്ടു നിന്നുള്ളൂ .

തുടർന്ന് വിദേശത്ത് അടക്കം സോന ജോലി ചെയ്തു .എന്നാൽ ബന്ധം നടിച്ച് മഹേഷ് സോനയെ നാട്ടിലേയ്ക്ക് വിളിച്ചു വരുത്തുക ആയിരുന്നു .കുട്ടനെല്ലൂരിലെ ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ നിർബന്ധിച്ചത് മഹേഷ് ആയിരുന്നു .അതിനുള്ള സ്ഥലം കണ്ടുപിടിച്ചതും മറ്റു കാര്യങ്ങൾ നടത്തിയതുമെല്ലാം മഹേഷ് ആയിരുന്നു .കുരിയച്ചിറയിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം .ചോദിക്കുന്നവരോട് ഭാര്യയും ഭർത്താവും എന്നായിരുന്നു പറഞ്ഞിരുന്നത് .

മഹേഷ് ക്ലിനിക്കിൽ കൂടെ ഉണ്ടെന്ന് സോന വീട്ടിൽ പറഞ്ഞിരുന്നെങ്കിലും ഒരുമിച്ച് താമസിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല .ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹേഷ് തട്ടിയെടുക്കുക ആയിരുന്നെന്ന് വീട്ടുകാർ പറയുന്നു .2018 -19 കണക്കു പ്രകാരം 22 ലക്ഷം രൂപയാണ് മഹേഷ് കൊണ്ടുപോയത് .

ചിട്ടിയുടെ 7 ലക്ഷം രൂപയും ക്ലിനിക്കിന്റെ ഇന്റീരിയർ വർക്കിനെന്നു പറഞ്ഞ് വാങ്ങിയ ആറര ലക്ഷം രൂപയും മഹേഷ് തിരിച്ചു കൊടുത്തില്ല .ഇരുവരും തമ്മിൽ തർക്കം തുടങ്ങിയതോടെ സോന ഇക്കാര്യങ്ങൾ വീട്ടിലറിയിച്ചു .വീട്ടുകാരുടെ നിർദേശപ്രകാരം സെപ്റ്റംബർ 25 നു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി .കമ്മീഷണർ പരാതി ഒല്ലൂർ സിഐയ്ക്ക് കൈമാറി .

സിഐയുടെ നിർദേശപ്രകാരം ആണ് 29 നു സോന പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും ഒപ്പം സ്റ്റേഷനിൽ എത്തുന്നത് .മഹേഷിനെ പോലീസ് വിളിച്ചെങ്കിലും വന്നില്ല .ഒടുവിൽ സോനയുടെ ഫോണിൽ വിളിച്ച് പോലീസ് മഹേഷുമായി സംസാരിച്ചു .ഉടൻ എത്താമെന്ന് പോലീസിനോട് പറഞ്ഞെങ്കിലും മഹേഷ് വന്നില്ല .

തുടർന്ന് ഇവർ ക്ലിനിക്കിലേയ്ക്ക് പോയി .അപ്പോഴേക്കും മഹേഷ് അപ്രത്യക്ഷൻ ആയിരുന്നു .പിന്നാലെ സ്ഥലത്തെ ഒരു രാഷ്ട്രീയ നേതാവ് വിളിച്ച് പ്രശ്നം സംസാരിച്ചു തീർക്കാമെങ്കിൽ മഹേഷിനെയും കൊണ്ട് വരാമെന്നു അറിയിച്ചു .മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരം ഉണ്ടാകുക ആണെങ്കിൽ കേസ് പിൻവലിക്കാമെന്ന് സോനയും ഉറപ്പ് നൽകി .

ഇത് പ്രകാരം മഹേഷ് നേതാവുമൊത്ത് ക്ലിനിക്കിൽ എത്തി .ഇന്റീരിയർ വർക്ക് നടത്തിയതിന്റെ ചെലവിനത്തിൽ 20 ലക്ഷം രൂപ കിട്ടാൻ ഉണ്ടെന്നും അത് തന്നാൽ പ്രശനം പരിഹരിക്കാം എന്ന നിലപാട് മഹേഷ് എടുത്തു .ഇതോടെ സോന മഹേഷിനു ഇതുവരെ നൽകിയ പണത്തിന്റെ കണക്ക് പുറത്തെടുത്തു .ഇതോടെ മഹേഷിന്റെ കൂടെ വന്നവർക്ക് കാര്യങ്ങൾ ബോധ്യമായി .

പെൺകുട്ടിയെ വെറുതെ വിടണമെന്നും തട്ടിയെടുത്ത പതിമൂന്നര ലക്ഷം രൂപ നൽകണം എന്നുമായിരുന്നു സോനയുടെ പിതാവിന്റെ ആവശ്യം .സ്ഥാപനം വിറ്റു താൻ നാട്ടിൽ പോകുക ആണെന്ന നിലപാട് സോനയുമെടുത്തു .എന്നാൽ സ്ഥാപനം താൻ നടത്തിക്കൊള്ളാം എന്ന നിലപാടായിരുന്നു മഹേഷിന്റേത് .എന്നാൽ സ്ഥാപനം തന്റെ പേരിൽ ആണെന്നും ഇതാണ് നിലപാടെങ്കിൽ കേസുമായി മുന്നോട്ട് പോകാമെന്നും സോന നിലപാടെടുത്തു .ഇത് ചർച്ചക്കെത്തിയ മധ്യസ്ഥരും അംഗീകരിച്ചു .ഇതോടെ പ്രകോപിതനായ മഹേഷ് കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് സോനയെ പിന്നിൽ കൂടി കയറിപ്പിടിച്ച് വയറിൽ കുത്തുക ആയിരുന്നു .കൂടെ നിന്നവർ കയറിപ്പിടിച്ചപ്പോഴേക്കും രണ്ടാമത്തെ കുത്തും കുത്തി .അത് തുടയിൽ ആയിരുന്നു കൊണ്ടത് .

സോനയെ ആശുപത്രിയിൽ എത്തിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു അവിടെയുള്ളവർ .ഇതിനിടെ മഹേഷ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു .ആദ്യത്തെ കുത്തിൽ സോനയുടെ ഹൃദയത്തിൽ പരിക്കേറ്റിരുന്നു .അങ്ങിനെ രക്തസ്രാവം നിലക്കാത്തതിനാൽ സോന മരണപ്പെടുക ആയിരുന്നെന്നു ആശുപത്രി അധികൃതർ പറയുന്നു .

രക്ഷപ്പെട്ട കാർ കൂർക്കഞ്ചേരിയിൽ ബന്ധുവീട്ടിൽ ഏല്പിച്ചാണ് മഹേഷ് മുങ്ങിയത് .സോനയുടെ വരുമാനത്തിൽ ആണ് ഇയാൾ ജീവിച്ചിരുന്നത് എന്നാണ് വിവരം .അത് നിലയ്ക്കും എന്ന് കണ്ടതോടെയാണ് ഇയാൾ ക്രൂരകൃത്യത്തിനു മുതിർന്നത് എന്നാണ് റിപ്പോർട് .സോനയുടെ മൃതദേഹം സംസ്കരിച്ചു .സോനയ്ക്ക് അഞ്ചു വയസുള്ള മകൾ ഉണ്ട് .

Back to top button
error: