ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം; മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമത്തില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
സംഗീത നാടക അക്കാദമി അധ്യക്ഷയും സെക്രട്ടറിയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാമകൃഷ്ണനെ കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശ്ശേരി രാമന് സ്മാരക കലാഗൃഹത്തില്‍ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയത് .
അബോധാവസ്ഥയില്‍ ആയിരുന്ന രാമകൃഷ്ണനെ സുഹൃത്തുക്കള്‍ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേരള സംഗീത നാടക അക്കാഡമിയില്‍ ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനു രാമകൃഷ്ണന് അവസരം ചോദിച്ചിരുന്നു എന്നാല്‍ അധികൃതര്‍ അവസരം നിഷേധിച്ചിരുന്നു .ജാതിയുടെ പേരിലാണ് അവസരം നിഷേധിച്ചതെന്ന് രാമകൃഷ്ണന് പറഞ്ഞിരുന്നു.ഇതേതുടര്‍ന്ന് ചില സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.