ന്യൂഡല്‍ഹി: ഇരുപത്താറുകാരിയായ യുവതിയുടെ പരാതിയില്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി പി.പി. മാധവനെതിരെ ബലാത്സംഗക്കേസ്. ഡല്‍ഹി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാല്‍ കടുത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഉത്തം നഗര്‍ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 25-നാണ് പരാതി ലഭിച്ചതെന്നും ഐപിസി സെക്ഷനുകള്‍ 376, 506 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ദ്വാരക ഡെപ്യൂട്ടി കമ്മിഷണര്‍ എം. ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
മാധവന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന രാഷ്ട്രീയനേതാവിന്റെ പേഴ്‌സണല്‍ സെക്രട്ടറിയാണെന്നും എഴുപത്തൊന്നുകാരനാണെന്നുമുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മിഷണര്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഡല്‍ഹിയില്‍ താമസിച്ചു വരുന്ന യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് വിവരം. 2020 ല്‍ അദ്ദേഹം മരിച്ചു. ആ ബന്ധമാവാം യുവതിയെ മാധവനുമായി പരിചയപ്പെടാന്‍ ഇടയാക്കിയതെന്ന് പോലീസ് പറയുന്നു.