IndiaNEWS

കോണ്‍ഗ്രസ് എഹ്‌സാന്‍ ജാഫ്രിക്കും കുടുംബത്തിനുമൊപ്പം: ജയറാം രമേശ്

ദില്ലി: സാക്കിയ ജാഫ്രിയുടെ ഹര്‍ജിയിലെ ഹര്‍ജിയിലെ സുപ്രീം കോടതി നിലപാട് നിരാശാജനകമെന്ന് എഐസിസിയുടെ ചുമതലയുള്ള ജയറാം രമശ്. മുമ്പുന്നയിച്ച നിരവധി ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ നില്‍ക്കുന്നു. കോണ്‍ഗ്രസ് എഹ്‌സാന്‍ ജാഫ്രിക്കും കുടുംബത്തിനുമൊപ്പമാണെന്നും സുപ്രീംകോടതി ഉത്തരവില്‍ നിലപാട് വ്യക്തമാക്കി ജയറാം രമേശ് പറഞ്ഞു.

ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കില്‍ പിന്നെ കടമകളെ കുറിച്ച് വാജ്‌പേയിക്ക് മോദിയെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് ചോദിച്ചു.

Signature-ad

2002 ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി ഹര്‍ജി നല്‍കിയത്. അന്വേഷണ സംഘം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു.

ഗൂഢാലോചന അന്വേഷിക്കാന്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ കഴമ്പില്ലെന്നും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു. ഗൂഢാലോചന തെളിയിക്കുന്ന പല കാര്യങ്ങളും അന്വേഷണം സംഘം ഒഴിവാക്കിയെന്നതടക്കമുള്ള വാദങ്ങളാണ് കപില്‍ സിബല്‍ കോടതിയില്‍ ഉന്നയിച്ചത്. ഇത് കോടതി തള്ളി.

കലാപത്തില്‍ നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ശരിവച്ചതിന് പിന്നാലെയാണ് ഹര്‍ജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി , സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സാക്കിയ ജഫ്രിക്ക് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്. മുകുള്‍ റോത്തഗി പ്രത്യേക അന്വേഷണ സംഘത്തിനായും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഗുജറാത്ത് സര്‍ക്കാരിനായും ഹാജരായിരുന്നു.അതേ സമയം ടീസ്ത സെതല്‍വാദിന്റെ അറസ്റ്റിനോട് കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്ന ആക്ഷേപം സിപിഎം ശക്തമാക്കി. ടീസ്തക്ക് പിന്നില്‍ സോണിയ ഗാന്ധിയായിരുന്നുവെന്ന ബിജെപി ആക്ഷേപം കോണ്‍ഗ്രസ് തള്ളിയിരുന്നു.

Back to top button
error: