എന്തിനാണ് ഡബ്ല്യു.സി.സി…? അതിജീവിതയുടെ അഭിമാനം സംരക്ഷിക്കാനോ, നാടകം കഴിഞ്ഞ് അരങ്ങിൽ വന്ന് ആക്രോശിക്കാനോ…?
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മാത്രമല്ല ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമാക്കുന്നതില്‍ ജാഗ്രത വേണമെന്നും കോടതി നിരീക്ഷിച്ചു. ഒടുവിൽ ഇര അപമാനിതയാവുകയും വേട്ടക്കാരൻ വിജയിയായി പൊതുവേദിയിൽ ഹർഷാരവം മുഴക്കുകയും ചെയ്തു.
അങ്ങനെ വിജയ് ബാബുവിനു മുന്നിൽ നമ്മുടെ നിയമ, നിതി വിഭാഗങ്ങളൊക്കെ സുല്ലിട്ടു. ഏപ്രിൽ 22നാണ് വിജയ്ബാബുവിനെതിരെ നടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. അപ്പോൾ തന്നെ പ്രതിയെ പിടിക്കാൻ കൊട്ടും കുഴലുമായി കൊച്ചിയിലെ കമ്മിഷണർ സി.എച്ച്. നാഗരാജുവും കൂട്ടരും ചാടിപ്പുറപ്പെട്ടു. ഈ ദിവസങ്ങളിലൊക്കെ കൊച്ചിയിൽ പൊലീസിൻ്റെ മൂക്കിനു ചുവട്ടിലുണ്ടായിരുന്നു ഇയാൾ. ഒടുവിൽ കേസ് ചൂടുപിടിക്കുന്നു, അറസ്റ്റിലേക്ക് നീങ്ങുന്നു എന്ന മുന്നറിയിപ്പു നൽകി പ്രതിക്കു രക്ഷപെടാനുള്ള പഴുതൊരുക്കി കൊടുത്തതും മേൽപ്പടി ഏമാന്മാർ തന്നെ.
പിന്നീട് ഫെയ്സ് ബുക്ക് ലൈവിൽ വന്ന് മീശ പിരിച്ച് നടിയേയും നമ്മുടെ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച പ്രതി പരാതിക്കാരിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടന് വിജയ് ബാബുവിന്റെ ലൈവില്‍ കണ്ടത്.
ഒടുവിൽ ഒന്നര മാസം നീണ്ട അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാൻ മാത്രം കഴിഞ്ഞില്ല. മാത്രമല്ല വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിവരാൻ പ്രതി കോടതിയുടെ മുന്നിലേക്ക് നിർദേശങ്ങൾ വയ്ക്കുകയും ചെയ്തു.
അങ്ങനെ നടകം കഴിഞ്ഞ് അരങ്ങ് ശാന്തമായപ്പോൾ വിമൺ ഇൻ സിനിമാ കലക്ടീവ് എന്ന ഡബ്ല്യു.സി.സി ആർത്തലച്ച് അരങ്ങിലെത്തി. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത തന്നെ സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ ഭീകരമാണെന്നുമാണ് ഡബ്ല്യു.സി.സിയുടെ വെളിപാട്.
ഡബ്ല്യു.സി.സിയുടെ ഫേസ്ബുക് കുറിപ്പ്:
”തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിൻ്റെ ചട്ടക്കൂട് അനുസരിച്ച് പോലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷൻ 228A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു.
നിർമ്മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പോലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങിനെയാണ് :
1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിനു മുന്നിൽ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു.
2.സോഷ്യൽ മീഡിയയിൽ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും,
പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ
ശ്രമിച്ചതായും ആരോപണമുണ്ട്.
ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ് . പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28 ശതമാനത്തിൽ താഴെ ബലാത്സംഗക്കേസുകളിൽ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിൻ്റെ കാരണവും ഇതേ പേറ്റേൺ ആണ്. ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്.
വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു…”
വാസ്തവത്തിൽ ഈ വിഷയത്തിൽ അതിജീവിതയുടെ ഒപ്പം നിന്നതും നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് രംഗത്തു വന്നതും റിട്ട.ജസ്റ്റിസ് കെമാൽ പാഷ മാത്രമാണ്. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
പോലീസ് ശ്രമിച്ചിരുന്നെങ്കിൽ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലർക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കിൽ ഗൗരവമുള്ള കാര്യമാണ്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനിൽക്കില്ലെന്നും കെമാൽ പാഷ അദ്ദേഹം സമർത്ഥിച്ചു.