NEWS

കോട്ടയം നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷം; ജനം ഭീതിയിൽ 

കോട്ടയം . നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയില്‍. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്.
കൂട്ടത്തോടെ വരുന്ന നായ്ക്കള്‍ ആക്രമിക്കാന്‍ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്.പുലര്‍ച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവര്‍ക്കും പ്രഭാത സവാരിക്കിറങ്ങുന്നവര്‍ക്കും, പത്രവിതരണക്കാര്‍ക്കും നേരെ നായയുടെ ആക്രമണം പതിവായി.
കഴിഞ്ഞ ദിവസം മുന്‍ അദ്ധ്യാപകനും, നഗരസഭ മുന്‍ കൗണ്‍സിലറും, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന ടി ജെ സാമുവലിനെ കളക്ടറേറ്റിന് സമീപം തെരുവ് നായ ആക്രമിച്ചിരുന്നു. ഇന്നലെ കോട്ടയം നഗരമദ്ധ്യത്തില്‍ തിരുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപം സര്‍ക്കാര്‍ ജീവനക്കാരന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. സ്‌കൂള്‍ പരിസരങ്ങളില്‍ നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും ഭീഷണിയാണ്. രാത്രികാലങ്ങളില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് കുറുകെ നായ്ക്കള്‍ ചാടുന്നതും പതിവാണ്.ഇത് അപകടങ്ങൾക്കും വഴി വയ്ക്കുന്നു.
 നായ്ക്കളെ വന്ധ്യംകരിക്കുന്ന എ ബി സി പദ്ധതി നിലച്ചതാണ് തെരുവ് നായ്ക്കള്‍ പെരുകാന്‍ കാരണമെന്നാണ് ആക്ഷേപം. ആഴ്ചകള്‍ക്ക് മുന്‍പ് കാരാപ്പുഴ മാളികപ്പീടികയില്‍ നാല് പേര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കള്‍ പെരുകാന്‍ പ്രധാന കാരണം. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് നഗരസഭയടക്കം പറയുമ്ബോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികില്‍ ചാക്കില്‍ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കള്‍ റോഡിലിട്ട് കടിച്ചുകീറുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.നായ്ക്കളുടെ ശല്യം മൂലം മാര്‍ക്കറ്റ് റോഡിലൂടെ പകല്‍സമയങ്ങളില്‍ പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ശാസ്ത്രി റോഡ്, തിരുനക്കര, മാര്‍ക്കറ്റ് റോഡ്, കോടിമത ബൈപ്പാസ് റോഡ്, കഞ്ഞിക്കുഴി റോഡ്, കളക്ടറേറ്റ് റോഡ്, നാഗമ്ബടം എന്നിവടങ്ങളിലാണ് തെരുവ് നായയുടെ ശല്യം രൂക്ഷം.

Back to top button
error: