കൊട്ടാരക്കര: ഭർത്താവ് ഉപദ്രവിക്കുന്നു എന്ന ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വ്യക്തി വീടിനുള്ളിലേയ്ക്കു കയറി തൂങ്ങിമരിച്ചു. കൊട്ടാരക്കര പനവേലി സ്വദേശി ശ്രീഹരി(45) ആണ് അപ്രതീക്ഷിത സാഹചര്യത്തിൽ ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് നാലര മണിക്കാണ് സംഭവം. വളർത്തു മൃഗങ്ങൾക്ക് വെള്ളം നൽകണമെന്ന് പറഞ്ഞാണ് ശ്രീഹരി പൊലീസ് അനുവാദത്തോടെ ജീപ്പിൽ നിന്നു പുറത്തിറങ്ങിയത്. വീടിനുള്ളിലേക്ക് ഓടിക്കയറിയ ഇയാൾ കതകടച്ച് ഉള്ളിലേക്കു പോയി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ശ്രീഹരി വെളിയിലേയ്ക്കു വന്നില്ല.
ഒടുവിൽ പ്രതി രക്ഷപെട്ടോ എന്ന സംശയത്തിൽ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ശ്രീഹരിയെ കണ്ടത്. പനവേലി മടത്തിയറ ആദിത്യയിൽ ശ്രീഹരിയുടെ ആത്മഹത്യ പൊലീസ് പീഡനം ഭയന്നാണ് എന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പൊലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു
പ്രവാസിയായ ശ്രീഹരി പനവേലി ജംഗ്ഷനു സമീപം സ്റ്റേഷനറിക്കട നടത്തുകയായിരുന്നു. ക്രൂരമായി മർദ്ദിച്ചു എന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു രണ്ട് ദിവസമായി പൊലീസ്.
ഇന്നലെ വൈകിട്ട് സ്കൂട്ടറിൽ പോകവേ ശ്രീഹരിയെ പൊലീസ് സംഘം ജീപ്പിൽ പിന്തുടർന്നതു നാട്ടുകാർ കണ്ടിരുന്നു. വീടു വളഞ്ഞാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജീപ്പിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കവേ വളർത്തു മൃഗങ്ങൾക്ക് വെള്ളം നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ശ്രീഹരി പൊലീസ് അനുവാദത്തോടെയാണ് ജീപ്പിൽ നിന്നു പുറത്തിറങ്ങിയത്. കതകടച്ച് വീടിനുള്ളിലേക്കു കയറിപ്പോയ ശ്രീഹരി അകത്തു ചെന്ന് ജീവനൊടുക്കുകയായിരുന്നു.
വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ ശ്രീഹരിയെ പൊലീസ് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊല്ലം കലക്ടറേറ്റിലെ താൽക്കാലിക ജീവനക്കാരിയായ ഭാര്യ അസാലയെ ഉപദ്രവിക്കുമായിരുന്നു എന്നാണ് ശ്രീഹരിക്കെതിരെയുള്ള പരാതി. അസാല കഴിഞ്ഞ ദിവസം മക്കളുമായി കുടുംബവീട്ടിലേക്കു പോയിരുന്നു. എന്നാൽ ശ്രീഹരിയെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് പൊലീസ് ഭാക്ഷ്യം.
വീട്ടിൽ നിന്നു വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കുന്നതിനു സംരക്ഷണം തേടി ഭാര്യ അസാല കൊട്ടാരക്കര പൊലീസിനെ സമീപിച്ചിരുന്നു. ശ്രീഹരിയുടെ ഭാര്യയ്ക്ക് ഒപ്പമാണ് വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ശ്രീഹരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മക്കൾ: ആദിത്യ, കാർത്തിക്.