EnvironmentKeralaLIFESocial Media

മലയാളിക്ക് ആദരവുമായി ഗവേഷകര്‍; താര്‍ മരുഭൂമിയിലെ പുതിയ ചിലന്തിക്ക് പേര് സുധി!

തൃശൂര്‍: രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍നിന്നു കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ചിലന്തി ഗവേഷകന്റെ പേര് നല്‍കി ഗവേഷകര്‍. ഭൂമിയില്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിലാണ്, മലയാള ശാസ്ത്രലോകത്തിന് അഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. സുധികുമാര്‍ എ.വിയുടെ പേര് ചേര്‍ത്ത് സ്യൂഡോമോഗ്രസ് സുധി എന്ന് പുതിയ ചിലന്തിക്ക് പേര് നല്‍കിയിരിക്കുന്നത്. ഡോ. സുധികുമാര്‍ ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് നടപടി.

35 ഇനം പുതിയ ചിലന്തികളെ ഡോ. സുധികുമാറിന്റെ നേതൃത്വത്തില്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്. വിവിധ ശാസ്ത്ര മാസികകളിലായി 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. സുധികുമാര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ”കേരളത്തിലെ ചിലന്തികള്‍” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്.

Signature-ad

ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന സ്യൂഡോമോഗ്രസ് സുധി ചിലന്തിയുടെ നീളം നാലു മില്ലിമീറ്റര്‍ മാത്രമാണ്. കടും തവിട്ടു നിറത്തിലുള്ള ആണ്‍ ചിലന്തിയുടെ ശിരസില്‍ ചെറിയ വെളുത്ത രോമങ്ങള്‍ കാണാം. കണ്ണുകള്‍ക്കുചുറ്റും കറുത്ത നിറമാണ്. ഇളംമഞ്ഞ നിറത്തിലുള്ള ഉദരത്തിന്റെ മധ്യത്തിലായി നീളത്തില്‍ ഇരുണ്ട വരയുണ്ട്. പെണ്‍ചിലന്തിയുടെ മഞ്ഞ നിറത്തിലുള്ള തലയില്‍ കറുത്ത കണ്ണുകള്‍ കാണാം. ഇളംമഞ്ഞ നിറത്തിലുള്ള ഉദരത്തില്‍ വെളുത്ത കുത്തുകളും ഉണ്ട്. മരുഭൂമിയിലെ ഉണങ്ങിയ പുല്‍നാമ്പുകള്‍ക്കിടയിലായിട്ടാണ് ഇവയെ കാണപ്പെടുന്നത്.

35 ഇനം ചിലന്തികളുള്ള ഈ ജെനുസിനെ ഇന്ത്യയില്‍ കണ്ടുപിടിക്കുന്നത് ഇതാദ്യമായാണ്. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയോട് അനുബന്ധിച്ചുള്ള മാഞ്ചസ്റ്റര്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ. ദിമിത്രി ലുഗനോവിന്റെ നേതൃത്വത്തില്‍ ഡെറാഡൂണിലെ െവെല്‍ഡ് െലെഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഋഷികേശ് ബാലകൃഷ്ണ ത്രിപാഠിയും ആശിഷ്‌കുമാര്‍ ജന്‍ഗിദും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പുതിയ ഇനം ചിലന്തിയെ കണ്ടെത്തിയത്. ബ്രിട്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന അരക്‌നോളജി എന്ന രാജ്യാന്തര ശാസ്ത്രമാസികയുടെ അവസാന ലക്കത്തില്‍ ഈ കണ്ടുപിടിത്തം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Back to top button
error: