വിവാഹവസ്ത്രം നശിച്ചു പോകാതെ എങ്ങനെ സ്പെഷ്യലായി സൂക്ഷിക്കാം ?
ജീവിതത്തിലെ മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് വിവാഹം. വളരെ സ്പെഷലായ ആ ദിവസം അണിയുന്ന വസ്ത്രവും വളരെ സ്പെഷലാണ്. ഒരുപാട് ആലോചനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് വിവാഹവസ്ത്രം തിരഞ്ഞെടുക്കുന്നത്. മനോഹര നമിഷങ്ങളുടെ ഓര്മയായി ആ വസ്ത്രം സൂക്ഷിച്ചു വയ്ക്കുന്നവർ ധാരാളം. എന്നാൽ ഈ വസ്ത്രം വർഷങ്ങക്കുശേഷം അലമാരയുടെ ഒരു മൂലയിൽ പൊടിപിടിച്ചും പഴകിയും കാണേണ്ടി വന്നാലോ? ഇത്തരം അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട്. വിവാഹവസ്ത്രങ്ങൾ കാലങ്ങളോളം നാശമാവാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ.
∙ വൃത്തിയാക്കി എടുത്തുവയ്ക്കാം
വിവാഹത്തിന് ധരിച്ച് വസ്ത്രം വൃത്തിയാക്കാതെ എടുത്തു വയ്ക്കുന്നവരുണ്ട്. അലക്കി വൃത്തിയാക്കിയശേഷം മാത്രം വസ്ത്രം സൂക്ഷിക്കാം. മാത്രമല്ല കൃത്യമായ സമയ ഇടവേളകളിൽ വസ്ത്രമെടുത്ത് വൃത്തിയാക്കണം. ഇല്ലെങ്കിൽ വസ്ത്രത്തിൽ മഞ്ഞ നിറം വരികയോ പൂപ്പൽ പിടിക്കുകയോ ചെയ്യും. ഇടയ്ക്കിടെ പുറത്തെടുത്ത് ഇളം വെയിൽ കൊള്ളിക്കുന്നതും നല്ലതാണ്.
∙ ശ്രദ്ധ വേണം
വിവാഹദിനം ആഘോഷത്തിന്റേതാണ്. എങ്കിലും വസ്ത്രത്തിൽ വലിയ രീതിയിൽ അഴുക്കോ കറയോ ആവാതിരിക്കാൻ ശ്രദ്ധ വേണം. മാത്രമല്ല ആഘോഷങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സ്മോക്കുകൾ, സ്പ്രേകൾ തുടങ്ങിയവ വസ്ത്രത്തിന് കേടുപാടുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്.
∙ എങ്ങനെ സൂക്ഷിക്കും ?
നല്ലൊരു ഫാബ്രിക് ബാഗിലോ അല്ലെങ്കിൽ ഈ മേഖലയിലെ പ്രഫഷനലുകൾ ചെയ്യുന്ന രീതിയിൽ പിഎച്ച് ന്യൂട്രൽ ബോർഡു കൊണ്ടുണ്ടാക്കിയ ബോക്സിലോ ആസിഡ് ഫ്രീ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കാം. ഇതെല്ലാം വസ്ത്രങ്ങളെ കാലങ്ങളോളം സംരക്ഷിക്കും. പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.