ബൊഗോട്ട: ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ ഇനി ഭരണം വിപ്ലവച്ചുവപ്പിന്‍ കീഴില്‍. ചരിത്രത്തിലാദ്യമായി കൊളംബിയന്‍ ഭരണം ഇടതുപക്ഷം പിടിച്ചെടുത്തു. മധ്യ-വലതുപക്ഷത്തെ തോല്‍പ്പിച്ചാണ് ഇടതുപക്ഷം ഭരണം പിടിച്ചെടുത്തത്. മുന്‍ വിമത നേതാവ് ഗുസ്താവോ പെട്രോ (62) നേരിയ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചത്. കൊളംബിയയില്‍ ആദ്യമായി ഒരു കറുത്ത വര്‍ഗക്കാരി വൈസ് പ്രസിഡന്റായതിനും തെരഞ്ഞെടുപ്പ് സാക്ഷിയായി. 40 കാരിയായ ഫ്രാന്‍സിയ മാര്‍ക്വേസാണ് വൈസ് പ്രസിഡന്റ്. ലാറ്റിനമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണ് കൊളംബിയ.
തെരഞ്ഞെടുപ്പ് വിജയത്തിലൂടെ രാജ്യത്തെ അരനൂറ്റാണ്ട് നീണ്ട സായുധ സംഘട്ടനത്തിന്റെ പേരിലുള്ള ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്നും പെട്രോവ പറഞ്ഞു. എം-19 പ്രസ്ഥാനത്തിന്റെ വിമതനായിരുന്നു പെട്രോ. ഇവരുമായി സഹകരിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊളംബിയയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷത്തെ വസതിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് പെട്രോ വിജയിച്ച ശേഷം പറഞ്ഞു. പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും ബഹുമാനവും സംവാദവും മാത്രമേ ഉണ്ടാകൂവെന്നും ആയുധം ഉയര്‍ത്തിയവരെയും ഭൂരിപക്ഷം കര്‍ഷകരെയും കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പെട്രോ 50.48% വോട്ടുകള്‍ നേടിയപ്പോള്‍ വലതുപക്ഷ സ്ഥാനാര്‍ഥിയായ റോഡോള്‍ഫോ ഹെര്‍ണാണ്ടസിന് 47.26% വോട്ടുകള്‍ ലഭിച്ചു. വര്‍ദ്ധിച്ചുവരുന്ന അസമത്വം, പണപ്പെരുപ്പം, അക്രമം തുടങ്ങിയ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ക്കിടെയാണ് കൊളംബിയക്കാര്‍ വോട്ടുചെയ്യാനെത്തിയത്.
ഏറെക്കാലം ഭരിച്ച മധ്യപക്ഷ, വലതുപക്ഷ ചായ്വുള്ള പാര്‍ട്ടികളുടെ നയങ്ങള്‍ തെറ്റാണെന്ന് വോട്ടര്‍മാര്‍ വിലയിരത്തിയെന്ന് കൊളംബിയന്‍ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പിനെ വിലയിരുത്തി. ചിലി, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലും 2021ല്‍ ഇടതുപക്ഷം അധികാരത്തിലേറിയിരുന്നു.