KeralaNEWS

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞെങ്കിലും വീണ്ടും ട്വിസ്റ്റ്; ‘മരിച്ചയാള്‍’ ബാറിലായിരുന്നു !

കോട്ടയം: ശനിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞെങ്കിലും സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. മരിച്ചെന്നു കണ്ടെത്തി, ബന്ധുക്കള്‍ ഏറ്റെടുക്കാനിരിക്കുന്നതിനിടെ ‘ മരിച്ചയാള്‍’ ബാറിലിരുന്നു മദ്യപിക്കുന്നതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ഇതേ തുടര്‍ന്നു ഇദ്ദേഹത്തിന്റെ സഹോദരന്‍ ബാറിലെത്തി ആളെ തിരിച്ചറിയുകയും ചെയ്തു.

വില്ലൂന്നി കാഞ്ഞിരക്കോണത്ത് ബേബി (67) യാണ് മരിച്ചതെന്നായിരുന്നു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി ആളെ ‘തിരിച്ചറിഞ്ഞതും’. എന്നാല്‍, പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബേബി ബാറിലിരുന്നു മദ്യപിക്കുന്നതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്.

Signature-ad

ഇതോടെയാണ് ഇപ്പോള്‍ മരിച്ചത് ആരാണ് എന്ന സംശയം ഉയരുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ പഴയ ഒപി ടിക്കറ്റ് കൗണ്ടറിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 65 വയസ്സു തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.ചുവന്ന ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്.ഇടതൂര്‍ന്ന നരച്ച താടിയും ഇരുനിറവുമാണുള്ളത്.തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് എത്തി അത്യാഹിത വിഭാഗത്തിലേയ്ക് മൃതദേഹം മാറ്റിയിരുന്നു.മെഡിക്കല്‍ കോളേജ് ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടന്നിരുന്നയാളുടേതാണ് മൃതദേഹം.

ആശുപത്രി പരിസരത്ത് അജ്ഞാത മൃതദേഹം കിടക്കുന്നു എന്നറിഞ്ഞ് സ്ഥലത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ എത്തി മൃതദേഹം കാണുകയും ഇയാള്‍ വില്ലൂന്നി സ്വദേശിയാണെന്ന് അറിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റും 7 -ാം വാര്‍ഡ് മെമ്പറുമായ ലൂക്കോസ് ഫിലിപ്പിനെ വിവരം അറിയിച്ചു.

ഇദ്ദേഹം ആശുപത്രിയിലെത്തി മരിച്ചയാള്‍ ബേബിയാണ് എന്നു തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് വിവരം ബന്ധുക്കളെ അറിയിച്ചത്. അവിവാഹിതനായ ബേബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പരിസരത്തും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആളാണ്. ഇദ്ദേഹം വീട്ടില്‍ പോകാറുമില്ല. എന്നാല്‍, മരിച്ചത് ബേബിയല്ലെന്നു തിരിച്ചറിഞ്ഞതോടെ വീണ്ടും മരിച്ച ആള്‍ ആരാണ് എന്ന സംശയം ഉയരുകയാണ്.

 

Back to top button
error: