സാന്‍ സാല്‍വദോര്‍: ഫുട്ബാള്‍ മത്സരത്തിനിടെ കളിക്കാരന് ചുവപ്പുകാര്‍ഡ് കാട്ടിയതിനെ തുടര്‍ന്ന് കാണികളും ടീമിന്റെ ആരാധകരും ചേര്‍ന്ന് റഫറിയെ അടിച്ചു കൊന്നു.
എല്‍ സാല്‍വദോറിലെ സാന്‍ സാല്‍വദോറില്‍ ടൊളുക സ്റ്റേഡിയത്തില്‍ നടന്ന അമച്വര്‍ മത്സരത്തിനിടെയാണ് ദാരുണ സംഭവം. റഫറി ഹോസെ അര്‍നോള്‍ഡോ അമായയാണ് കൊല്ലപ്പെട്ടതെന്ന് സാല്‍വദോര്‍ സോക്കര്‍ ഫെഡറേഷന് പ്രസ്താവനയില്‍ അറിയിച്ചു.
ഫൗള്‍ ചെയ്തതിന് താരത്തിന് രണ്ടാമതും മഞ്ഞക്കാര്‍ഡ് കാട്ടിയപ്പോഴാണ് കളിക്കാരും കാണികളും റഫറിക്കെതിരെ തിരിഞ്ഞത്.കടുത്ത വാഗ്വാദമായി തുടങ്ങിയ തര്‍ക്കം പിന്നീട് റഫറിക്കെതിരായ ആക്രമണമായി മാറുകയായിരുന്നു.അടി കൊണ്ട് അവശനായ അര്‍നോള്‍ഡോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.കടുത്ത ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവത്തിൽ നൂറോളം പേരെ എല്‍ സാല്‍വദോര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.റഫറിയിങ്ങില്‍ 20 വര്‍ഷത്തെ പരിചയസമ്ബത്തുള്ളയാളാണ് അര്‍നോള്‍ഡോ.