KeralaNEWS

മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് കയറിക്കൂടി; കറുപ്പിനെ തല്‍ക്കാലം വെറുതേ വിട്ടു

കണ്ണൂര്‍: കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് വേണ്ടെന്നു വച്ചു. കണ്ണൂരില്‍ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കില്ലെന്ന് പൊലീസ്. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്നും പൊലീസ് അറിയിച്ചു. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് കറുത്ത മാസ്‌ക്ക് ധരിച്ചവരേയും പ്രവേശിപ്പിച്ചു.കറുത്ത ഷാള്‍ ധരിച്ച് എത്തിയ യുവതിയേയും തടഞ്ഞില്ല.

അതേസമയം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും ശക്തമായി തുടരുകയാണ്. തളിപ്പറമ്പിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ഗസ്റ്റ് ഹാസില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ കറുത്ത ബാഗ് വീശി. സിപിഎം പ്രവര്‍ത്തകര്‍ ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാന്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Signature-ad

കണ്ണൂരില്‍ ഇന്നലെ രാത്രിയെത്തിയ മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ എത്തിയത്. വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകള്‍ ശ്രമിക്കുന്നതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്.

രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയന്‍ പിണറായിയിലെ സ്വന്തം വീട്ടില്‍ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും സുരക്ഷ ഒരുക്കാനുള്ള ബന്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. പൊലീസിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്തായിരുന്നു തീരുമാനം.

ഇന്നലെ രാത്രിയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട്ടെ പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പത്ത് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Back to top button
error: