NEWSWorld

മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുടെ വിരലുകള്‍ മുറിച്ചുകളഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്; ഇറാനില്‍ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകള്‍

ടെഹ്റാൻ: മോഷണക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട എട്ട് ഇറാൻ പൗരന്മാരുടെ വിരലുകൾ മുറിച്ചുകളഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ശിക്ഷ നടപ്പാക്കുന്നതിൽ ആശങ്കയുമായി ഇറാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ  അബ്ദുറഹ്മാൻ ബൊറൂമാൻഡ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എബിസി) രം​ഗത്തെത്തി. ​

ഗ്രേറ്റർ തെഹ്റാൻ ജയിലിൽ തടവിൽ കഴിയുന്ന എട്ട് ഇറാനിയൻ പൗരന്മാരുടെ കൈയിലെ വിരലുകൾ ഛേദിക്കുന്നതെന്നും ഈ ശിക്ഷ കടുത്ത മനുഷ്യത്വ വിരുദ്ധമാണെന്നും എബിസി പ്രസ്താവനയിൽ പറഞ്ഞു. തടവുകാരിൽ മൂന്നുപേരെ ശിക്ഷ നടപ്പാക്കുന്നതിനായി വടക്കുപടിഞ്ഞാറൻ ഇറാനിലെ ഒറുമിയ ജയിലിൽ നിന്ന് മാറ്റിയെന്നും സംഘടന പറഞ്ഞു. ടെഹ്‌റാനിലെ എവിൻ ജയിലിൽ ഗില്ലറ്റിൻ പോലെയുള്ള ഉപകരണം പ്രവർത്തനക്ഷമമായാൽ ശിക്ഷ നടപ്പാക്കുമെന്നും ഇവർ വ്യക്തമാക്കി.

Signature-ad

ജൂൺ എട്ടിന് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീയതി മാറ്റി. എവിനിലെ ക്ലിനിക്കിൽ വിരലുകൾ മുറിച്ചുമാറ്റുന്നകിനായി ഉപകരണം തയ്യാറായിട്ടുണ്ടെന്നും ഇതിൽ ഒരാളുടെയെങ്കിലും ശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും എബിസി പറഞ്ഞു. കുർദിസ്ഥാൻ ഹ്യൂമൻ റൈറ്റ്‌സ് നെറ്റ്‌വർക്കുമായുള്ള (കെഎച്ച്ആർഎൻ) സംയുക്ത പ്രസ്താവനയിലാണ് ഇവർ ആശങ്ക പങ്കുവെച്ചത്.

ഇത്തരം ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷ നടപ്പാക്കുന്നത് മനുഷ്യത്വത്തിന്റെയും മാന്യതയുടെയും എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്ന് എബിസി എക്സിക്യൂട്ടീവ് ഡയറക്ടർ റോയ ബൊറൂമാൻഡ് പറഞ്ഞു.

ഇത്തരം ശിക്ഷകൾ നടപ്പാക്കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിൽ ശരിഅത്ത് നിയമപ്രകാരം വിരലുകൾ ഛേദിക്കുന്നത് അനുവദനീയമാണെങ്കിലും അപൂർവമായി മാത്രമേ നടപ്പാക്കിയിട്ടുള്ളൂ. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഔദ്യോ​ഗികമായി 356 പേർക്ക് വിരലുകൾ ഛേദിക്കുന്ന ശിക്ഷ നടപ്പാക്കിയെന്നും യഥാർത്ഥ സംഖ്യ ഇതിലും കൂടുതലാണെന്നും സംഘടന പറഞ്ഞു.

ഇറാന്റെ ശിക്ഷാനിയമം അനുസരിച്ച് മോഷണക്കേസിൽ കുറ്റം തെളിഞ്ഞാൽ വലതു കൈയിലെ നാല് വിരലുകൾ മുറിച്ചുനീക്കും. നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് റിപ്പോർട്ട് അനുസരിച്ച്, 2022 ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇറാനിൽ 168 പേരെയെങ്കിലും വധ ശിക്ഷക്ക് വിധേയമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം അധികം ആളുകളെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

Back to top button
error: