IndiaNEWS

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ 23ന് ഹാജരാകണം

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 23 ന് ഹാജരാകണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസ് നൽകി. ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ കൊവിഡ് ബാധിച്ചതിനെ തുട‍ര്‍ന്ന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും തനിക്ക് ഹാജരാകാനാകില്ലെന്നും അവര്‍ മറുപടി നൽകി. ഇതോടെയാണ് ഇ ഡി പുതിയ നോട്ടീസ് നൽകിയത്.

അതേ സമയം, രാഹുൽ ഗാന്ധിയുടെ മൊഴിയെടുപ്പ് നടക്കുന്ന ജൂൺ 13ന് രാജ്യത്തെ മുഴുവൻ ഇഡി ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. നാഷണൽ ഹെറാൾഡ് കേസിൽ ഇഡി രാഹുൽ ഗാന്ധിയുടെ മൊഴിയെടുക്കുന്നതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഇഡി ഓഫീസുകൾക്ക് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിക്കാനാണ് നീക്കം. നേരത്തെ ചോദ്യം ചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് രാഹുൽ എത്തുക പ്രതിഷേധ മാർച്ചോടെയാകും എന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് പ്രവർത്തക സമിതിയംഗങ്ങൾ, ലോക്സഭ, രാജ്യസഭ എംപിമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12ന് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇഡി നടപടിയെ രാഷ്ട്രീയപ്രേരിതം എന്ന പ്രചാരണത്തിലൂടെ നേരിടാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

2012 ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇഡി തുടര്‍നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് കേസിനാസ്പദമായ പരാതി.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും ഡയറക്ടര്‍മാരായി 5 ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനിരണ്ടായിരം കോടി രൂപയിലേറെ ആസ്തിയുള്ള അസോസിയേറ്റഡ് ജേര്ണ്ണല്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് സു്ബ്രഹമ്ണ്യന്‍ സ്വാമിയുടെ പരാതി. വെറും അന്‍പത് ലക്ഷം രൂപയേ ഇടപാടിനായി നല്‍കിയുള്ളൂവെന്നും പരാതിയിലുണ്ട്.

ദില്ലി കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ ഹാജരാകാന്‍ സോണിയക്കും, രാഹുലിനും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. യങ് ഇന്ത്യയെ ട്രസ്റ്റായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ നികുതി ട്രൈബ്യൂണല്‍ തള്ളിയിരുന്നു.

Back to top button
error: