NEWS

ഓടത്തെരുമലകൾ തകർക്കരുത്; ജല സ്രോതസ്സുകൾ ഇല്ലാതാക്കരുത്:കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത്

കോഴിക്കോട് :കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാട് വില്ലേജിൽ പെടുന്ന ഓടത്തെരുവിൽ രണ്ടു മലകളിൽ വൻതോതിൽ മൺകയ്യേറ്റം നടക്കുന്നു.എൻ.സി. ഹോസ്പിറ്റലിനു സമീപത്തായും എതിർവശങ്ങളിലായും മൂന്നിടങ്ങളിലായാണ് അനധികൃത മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്.
   താർ മിക്സിംഗ് യൂണിറ്റിനുവേണ്ടി മണ്ണിടിച്ച മലയുടെ പടിഞ്ഞാറു ഭാഗത്ത് വലിയ തോതിൽ പാറ പൊട്ടിക്കുന്ന ഒരു ക്വാറി മുമ്പേ തന്നെ  പ്രവർത്തിക്കുന്നുമുണ്ട്.ഈ മലകളിൽ നിന്നും ഉത്ഭവിച്ചിരുന്ന നിരവധി നീരൊഴുക്കുകൾ ഇതോടെ ഇല്ലാതായിരിക്കയാണ്.
 ലക്ഷക്കണക്കിന് ലിറ്റർ ജലമാണ് ഓരോ മലയും സംഭരിച്ച് വച്ചിരിക്കുന്നത്.ഇങ്ങനെ സംഭരിക്കപ്പെടുന്ന ജലമാണ് നീരുറവകളായി സമീപത്തെ ജലസ്രോതസ്സുകളിലേക്ക് കിനിഞ്ഞ് എത്തുന്നതും ഉപരിതലത്തിലൂടെ  അരുവികളായി ഒഴുകുന്നതും.ഒരു മല ഇല്ലാതായാൽ ജലസംഭരണത്തിൻ്റെ ഒരു വലിയ സാധ്യതയാണു ഇല്ലാതാകുന്നത്. മനുഷ്യന് പ്രാണവായു കഴിഞ്ഞാൽ ഏറ്റവുമധികം ആവശ്യമുള്ളതും അതുതന്നെയാണല്ലോ.കൂടാതെ ജൈവവൈവിധ്യം, ആവാസവ്യവസ്ഥ എന്നിവയ്ക്കുണ്ടാകുന്ന ശോഷണം, കാർബൺ എമിഷനെ ആഗിരണം ചെയ്യലിലുണ്ടാകുന്ന കുറവു കാരണം ഉണ്ടാകുന്ന ചൂട് തുടങ്ങി ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങളും ഉടലെടുക്കും.
    ധാരാളം ജലസംഭരണ ശേഷിയുള്ള ഓടത്തെരുമലകൾ, സസ്യ ജൈവസമ്പന്നതയിലും ആവാസവ്യവസ്ഥാ പരിപാലനത്തിലും അവയുടെ ധർമ്മം നിർവ്വഹിക്കുന്നുണ്ട്. ഈ വില്ലേജിലെത്തന്നെ ഈ മലകളോടു ചേർന്ന് കിഴക്കൻ ഭാഗത്തേക്ക് സ്ഥിതി ചെയ്യുന്ന മലകളിൽ കഴിഞ്ഞപ്രളയ ശേഷം ഭൂവ്യതിയാനങ്ങളായ സോയിൽ പൈപ്പിംഗ് പോലുള്ളവ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതുമാണ്.
     നേരത്തേ താർ മിക്സിംഗിനും ഇപ്പോൾ മറ്റെന്തോ സ്വകാര്യ ആവശ്യങ്ങൾക്കുമാണ് മലയുടെ  അടി ഭാഗത്തെ മണ്ണ് വ്യാപകമായി എടുക്കുന്നത്.നേരത്തെ സൂചിപ്പിച്ച പ്രകാരം മഴപെയ്ത് ജലം സംഭരിക്കപ്പെട്ട മലയിൽ ലാൻഡ് സ്ലൈസിംഗ്, ഉരുൾപൊട്ടൽ എന്നിവ ഉണ്ടാകാനുള്ള സാധ്യതകൾ തളളിക്കളയാനാവില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കറുത്തപറമ്പ്, വലിയപറമ്പ് പ്രദേശങ്ങൾക്ക് ഇതൊരു ഭീഷണിയാകുമെന്നും ആശങ്കയുണ്ട്.
     റോഡുവികസനത്തിൻ്റെ മറവിൽ എൻ.സി.ഹോസ്പിറ്റലിൻ്റെ മുൻവശത്ത് കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി മണ്ണെടുപ്പ് തടയുകയും പിന്നീട് പ്രളയത്തിൽ ഭീകരമായി ഇടിയുകയും ചെയ്ത ഭാഗത്തും ഇപ്പോൾ വ്യാപകമായി മണ്ണെടുക്കുന്നുണ്ട്. അതിനോട് ചേർന്ന് റോഡരുകിൽ സ്ഥിതി ചെയ്യുന്ന “പാടിയിൽ” ബിൽഡിംഗിൻ്റെ പിറകുവശവും മണ്ണെടുപ്പ് തകൃതിയായി നടക്കുന്നു.100 മീറ്ററിനുള്ളിൽ മൂന്നിടത്തായാണ് ഈ രൂപത്തിലുള്ള മൺ ഖനനം നടക്കുന്നത്.സർക്കാർ നിബന്ധനകളെയും ചട്ടങ്ങളേയും കാറ്റിൽ പറത്തി ദുർബലമായ ഏതെങ്കിലും രേഖയുണ്ടെന്നു വരുത്തി, അത്യധികം പാരിസ്ഥിതിക ദുർബലമായ ഈ പ്രദേശത്ത് നടക്കുന്ന കനത്ത മൺഖനനം  നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റി കക്കാട് വില്ലേജ് ഓഫീസർക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

Back to top button
error: