പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭർത്താവിനെ വിറക് കൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു. ചുങ്കം സ്വദേശി ശാന്തയാണ് ഭർത്താവായ കോലത്തുപള്ളിയാൽ ചന്ദ്രനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിലെ അടുക്കളയിൽവെച്ച് ചന്ദ്രനും ശാന്തയും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ വിറക് കഷ്ണംകൊണ്ട് ശാന്ത ചന്ദ്രനെ മർദിക്കുകയുമായിരുന്നു. ഇന്ന് (ഞായർ) ഉച്ചയോടെയായിരുന്നു സംഭവം. ശാന്തയും ചന്ദ്രനും തമ്മിൽ ഏറെ നാളുകളായ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു വെന്ന് അയൽവാസികൾ പറഞ്ഞു. ചന്ദ്രന്റെ നിലവിളി ശബ്ദം കേട്ട് എത്തിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കല്ലടിക്കോട് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കല്ലടിക്കോട് സി ഐയുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഫോറൻസിക് വിദഗ്ദകരും സംഭവസ്ഥലത്തുണ്ട്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.