കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്തുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.ഏറെ നാളായുള്ള കർഷകരുടെ ആവശ്യമായിരുന്നു ഇത്.എന്നാൽ വെടിവെച്ചു കൊല്ലുന്ന പന്നിയെ കുഴിച്ചുമൂടാനാണ് സർക്കാർ തീരുമാനം.കാട്ടുപന്നിയുടെ മാംസം ഭക്ഷ്യയോഗ്യമാണ്.അതിനാൽത്തന്നെ കൊല്ലുന്ന പന്നിയെ പഞ്ചായത്തുകൾക്ക് ലേലം ചെയ്തു വിൽക്കുന്നതിന് സർക്കാർ അനുമതി കൊടുക്കണം.
ലേലം ചെയ്താൽ അര ലക്ഷം രൂപ മുതൽ മുകളിലോട്ട് വിളിക്കാൻ ആളുകൾ ക്യൂ നിൽക്കും.ലക്ഷങ്ങൾ കിട്ടുന്ന പന്നിയെ മണ്ണിൽ കുഴിച്ചുമൂടിയിട്ട് ആർക്ക് എന്തു ഗുണം.?? ലേലത്തിൽ ലഭിക്കുന്ന തുക സർക്കാർ ഖജനാവിന് മുതൽക്കൂട്ടാകട്ടെ.
കത്തിച്ചു കളയുന്ന ആനക്കൊമ്പും തുരുമ്പെടുത്ത് നശിക്കുന്ന പോലീസ് സ്റ്റേഷനിലെയും മറ്റും പിടികൂടിയിട്ടിരിക്കുന്ന വാഹനങ്ങളും എല്ലാം ഇങ്ങനെ ലേലം ചെയ്താൽ എത്രയോ കോടികളാകും ഖജനാവിലേക്ക് എത്തുക?
സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടം തിരിയുന്ന സർക്കാർ പഴഞ്ചൻ നിയമങ്ങൾ പരിഷ്കരിക്കാൻ തയാറാവണം.സർക്കാരിന് വേണ്ടെങ്കിൽ ഈ തുക കൃഷി നാശം സംഭവിച്ച കർഷകർക്കെങ്കിലും കൊടുക്കുക.