തിരുവനന്തപുരം: കേരളത്തിലെ സത്യസന്ധരായ സർക്കാർ ഉദ്യോഗസ്ഥരുടെയും ഏറ്റവും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെയും പട്ടിക തയാറാക്കുകയാണ് വിജിലൻസ് ഡിപ്പാർട്ട്മെൻ്റ്. എല്ലാ വകുപ്പിലെയും താഴെത്തട്ടിലെ ഓഫീസ് വരെ രഹസ്യമായി അഭിപ്രായശേഖരണം നടത്തിയാണ് ജില്ലാതലത്തിൽ പട്ടിക തയാറാക്കുന്നത്.
ഓരോ വകുപ്പിലും ജനങ്ങൾക്ക് ലഭിക്കേണ്ട ഏതൊക്കെ സേവനങ്ങളിലാണ് കൂടുതൽ അഴിമതിയെന്നും അതിന്റെ പഴുതുകൾ എന്തൊക്കെയെന്നും കണ്ടെത്തും. കൈക്കൂലി സംബന്ധിച്ച് പരാതിയുള്ള ഓഫീസുകളിൽ മാത്രമല്ല, എല്ലാ വകുപ്പുകളുടെയും എല്ലാ ഓഫിസുകളിലും പരിശോധനയുണ്ടാകും.
ഔദ്യോഗികമായല്ലാതെ ഓഫിസുകളിൽ പോയി, അവിടെ വിവിധ ആവശ്യങ്ങൾക്കെത്തുന്ന ആളുകളുമായി സംസാരിച്ചാണ് ഉദ്യോഗസ്ഥരെക്കുറിച്ച് നിഗമനത്തിലെത്തേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ ജീവിതരീതിയും സാമ്പത്തികാവസ്ഥയും സൗഹൃദങ്ങളും കൂടിക്കാഴ്ചകളും പരിശോധിക്കും.
നിരീക്ഷിക്കാൻ സ്പെഷൽ ബ്രാഞ്ചിന്റെ കൂടി സഹായം വിജിലൻസ് എസ്.പി ഉറപ്പാക്കണം. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറഞ്ഞത് 3 മാസം നിരീക്ഷിക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥരെ കണ്ടെത്തുമ്പോഴും നിരീക്ഷണം വേണം. അവർ മാതൃകയായി ഓഫീസുകളിൽ നടപ്പാക്കിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും വിജിലൻസ് എസ്.പി.മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ നാലുവർഷമായി കൈക്കൂലി കേസുകൾ വർധിക്കുന്നുവെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ നടപടികൾ. 2018ൽ കൈക്കൂലിക്കേസിൽ പിടിയിലായത് 18 ഉദ്യോഗസ്ഥരാണ്. 2019ൽ 17, 2020ൽ 24, 2021ൽ 30 എന്നിങ്ങനെയാണ് കേസുകൾ. ഈ വർഷം ആദ്യ 4 മാസം തന്നെ 18 പേർ കൈക്കൂലി വാങ്ങിയതിൻ്റെ പേരിൽ അറസ്റ്റിലായി.
റവന്യു, റജിസ്ട്രേഷൻ, തദ്ദേശം തുടങ്ങി വകുപ്പുകളെക്കുറിച്ചാണു കൂടുതൽ പരാതികളെങ്കിലും എല്ലാ വകുപ്പുകളിലും വിജിലൻസ് പരിശോധന നടത്തും. വിജിലൻസിന്റെ കെണികൾ മനസ്സിലാക്കി, കൈക്കൂലിക്കാർ പണം കൈമാറ്റത്തിന് പുതിയ രീതികൾ അവലംബിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണമെന്ന് വിജിലൻസിന് നിർദേശമുണ്ട്.
വിജിലൻസിലും അഴിച്ചുപണി
വിജിലൻസിൽ 5 വർഷത്തിലേറെ ജോലി ചെയ്ത എല്ലാ ഉദ്യോഗസ്ഥരെയും പൊലീസിന്റെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റും. അതോടെ വിജിലൻസിലേക്ക് പുതിയ മുഖങ്ങൾ വരും. വിജിലൻസ് ശക്തിപ്പെടുത്തിയാൽ മറ്റു വകുപ്പുകളിലും ശുദ്ധീകരണം നടക്കുമെന്ന് വിലയിരുത്തിയാണ് അഴിച്ചുപണി. ചില ജില്ലകളിൽ വിജിലൻസ് പരിശോധന പോലും നടത്താതെ ഉഴപ്പുന്നതും അഴിച്ചുപണിക്ക് കാരണമായി.