CrimeNEWS

ടെക്സസ് സ്കൂൾ വെടിവയ്പ്: കുട്ടികൾ കരഞ്ഞുവിളിച്ചു; പൊലീസ് ഒരു മണിക്കൂർ അനങ്ങിയില്ല

ഓസ്റ്റിൻ: ടെക്സസിലെ സ്കൂളിൽ വെടിവയ്പു നടക്കുമ്പോൾ അകത്തു കടക്കാതെ ഗേറ്റിനു പുറത്തു സായുധ പൊലീസ് സംഘം ഒരു മണിക്കൂറിലേറെ കാത്തുനിന്നത് വീഴ്ചയായിപ്പോയെന്ന് അധികൃതർ സമ്മതിച്ചു. വിദ്യാർഥികൾ അടിയന്തര സഹായത്തിനായി 911 ൽ വിളിച്ചു കേണുകൊണ്ടിരിക്കെ, പൊലീസ് സംഘം ഗേറ്റിനു പുറത്തു നിൽക്കുകയായിരുന്നു. അക്രമി ക്ലാസ്മുറിയിൽ അടച്ചിരിക്കുകയാണെന്നും കുട്ടികൾക്ക് ഉടൻ ആപത്തില്ലെന്നുമുള്ള വിശ്വാസത്തിൽ യുവാൾഡി സ്കൂൾ ജില്ലാ പൊലീസ് മേധാവിയാണു പൊലീസ് സംഘത്തെ തടഞ്ഞത്. ഈ തീരുമാനം തെറ്റായിപ്പോയെന്നു ടെക്സസ് പൊലീസ് മേധാവി സ്റ്റീവൻ മക്റോ സമ്മതിച്ചു.

അക്രമിയെ ഭയന്ന് ക്ലാസ് മുറികളിൽ കഴിഞ്ഞ കുട്ടികൾ വിളിച്ചിട്ടും പൊലീസ് നടപടി വൈകിയതു സംബന്ധിച്ചു പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ ഉണ്ടായതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതോടെയാണ് 3 ദിവസത്തിനുശേഷം സംഭവങ്ങൾ വിശദീകരിക്കാൻ അധികൃതർ നിർബന്ധിതരായത്.

Signature-ad

പതിനെട്ടുകാരനായ അക്രമി സാൽവദോർ റാമോസ് സ്കൂളിനുള്ളിൽ പ്രവേശിച്ചു 2 മിനിറ്റിനകം സ്കൂൾ സുരക്ഷയ്ക്കുള്ള 3 പൊലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് സ്കൂളിനുള്ളിൽ കയറിയിരുന്നു. അടുത്ത അരമണിക്കൂറിനകം 19 സായുധ ഓഫിസർമാർ കൂടി ഗേറ്റിനു പുറത്തെത്തി. എന്നാൽ, 47 മിനിറ്റ് കൂടി അവർ ഗേറ്റിനു പുറത്ത് ഒന്നും ചെയ്യാതെ നിന്നു. ‌

ഒരു മണിക്കൂറിലേറെ കഴിഞ്ഞ് ബോർഡർ പട്രോൾ കമാൻഡോകൾ എത്തി വാതിൽ തകർത്ത് അകത്തു കടന്നാണു അക്രമിയെ വെടിവച്ചുവീഴ്ത്തിയത്. പൊലീസ് ഒന്നും ചെയ്യാതെ നിൽക്കുമ്പോൾ സ്കൂളിനു പുറത്ത് രക്ഷിതാക്കൾ വിലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇവരിൽ ചിലരെ വിലങ്ങു വച്ചു നീക്കം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും പിന്നിടു പുറത്തുവന്നു. യുവാൾഡിയിലെ റോബ് എലമെന്ററി സ്കൂളിൽ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ 2 അധ്യാപകരും 19 വിദ്യാർഥികളുമാണു കൊല്ലപ്പെട്ടത്.

Back to top button
error: