കൊച്ചി :തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫിനെതിരെ അപവാദ അശ്ലീല വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സൂചന.ഈ സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേരും പാലക്കാട് ജില്ലയിലെ കോൺഗ്രസ് നേതാക്കളും നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരുമാണ്.
പട്ടാമ്പി ആമയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തച്ചറുകുന്നത്ത് വീട്ടിൽ ടി കെ അബ്ദുൾ ഷുക്കൂർ, തേങ്കുറുശി വെമ്പലൂർ അരിയക്കോട് നെച്ചിപ്പാടം വീട്ടിൽ ശിവദാസൻ(40) എന്നിവരാണ് സംഭവത്തിൽ അസ്റ്റിലായത്. അബ്ദുൾ ഷുക്കൂർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുമായി അടുത്ത ബന്ധമുള്ളയാളാണ്. കെടിഡിസി ജീവനക്കാരനായ ശിവദാസൻ യൂത്ത് കോൺഗ്രസ് ആലത്തൂർ നിയോജകമണ്ഡലം സെക്രട്ടറിയായിരുന്നു.ശിവദാസന്‍ റെ ഫേസ്ബുക് പ്രൊഫൈലിൽ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസും വടകര എംഎൽഎ കെ കെ രമയും ഒന്നിച്ചുനിൽക്കുന്ന ചിത്രമാണുള്ളത്. ഇത് കെടിഡിസിയുടെ ഔദ്യോഗിക ചിഹ്നത്തിനൊപ്പവുമാണ്.
കൊപ്പം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം അട്ടിമറിക്കാൻ ബിജെപി അംഗത്തിന്റെ പിന്തുണ തേടിയത് അബ്ദുൾ ഷുക്കൂറായിരുന്നു. എൽഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റ് ലഭിച്ച കൊപ്പത്ത് നറുക്കെടുപ്പിലൂടെയാണ് സിപിഐ എമ്മിലെ ടി ഉണ്ണിക്കൃഷ്ണൻ പ്രസിഡന്റായത്.ഇദ്ദേഹത്തെ പുറത്താക്കാൻ ബിജെപി അംഗത്തിന്റെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായിരുന്നു.
കൊപ്പം പഞ്ചായത്തിൽ എൽഡിഎഫ് നടപ്പാക്കുന്ന വികസനപദ്ധതികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പ്രമുഖനാണ് അബ്ദുൾ ഷുക്കൂർ. കള്ളപ്രചാരണങ്ങളിലൂടെ റോഡ് വികസനം തടയാനും ഇയാൾ ശ്രമിച്ചിരുന്നു.കൊപ്പം ടൗൺ നവീകരണം നടക്കാനിരിക്കെയാണ് എൽഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ചത്.
രാഷ്ട്രീയമായി നേരിടാൻ കഴിയാതായതോടെ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് യുഡിഎഫ് ശ്രമം.ഇതിന് ചുക്കാൻ പിടിക്കാൻ ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാവ് തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുകയാണ്.
അറസ്റ്റിലായ രണ്ടുപേര്‍ക്ക് പുറമേ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണിത്.കളമശേരി എച്ച്എംടി കോളനിയിലെ അരിമ്പാറ വീട്ടിൽ കെ ഷിബുവാണ് ഇതിലൊരാൾ.മെഡിക്കൽ കോളേജിൽ ക്ലീനിങ് വിഭാഗം ജീവനക്കാരനായ ഷിബു കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച വീഡിയോ മറ്റു ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ഐഎൻടിയുസി നേതാവായ ഷിബു പ്രദേശത്തെ മുൻനിര കോൺഗ്രസ് പ്രവർത്തകനുമാണ്.
കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സൈബര്‍ വിദഗ്ധര്‍ വിശദമായി പരിശോധിച്ചു വരുകയാണ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചശേഷം ഇവര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.