പി.സി ജോർജിനെതിരെയുള്ള കേസും അറസ്റ്റും ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ നടപടിയെ അംഗീകരിച്ച് കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിംഗ് ഭഗേൽ. വിദ്വേഷ പ്രസംഗകർക്കെതിരെ ശക്തമായ നടപടി വേണമെന്ന് കേന്ദ്രമന്ത്രി ദില്ലിയിൽ പറഞ്ഞു. ‘ഇത്തരക്കാർ നാടിന്‍റെ സംസ്കാരം തകർക്കുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയ്ക് വേണ്ടിയാകണം രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. തെറ്റായ പ്രവണത അംഗീകരിക്കാനാവില്ല.’ മന്ത്രി എസ്.പി സിംഗ് ഭഗേൽ അഭിപ്രായപ്പെട്ടു.
പിസി ജോർജുമായുള്ള വാഹനം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടര മണിക്കൂർ കൊണ്ട് എത്തി.
മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ അര്‍ദ്ധരാത്രി 12.35 ഓടെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. യാത്രയ്ക്കിടയിൽ മംഗലപുരത്ത് പോലീസ് വാഹനം തട്ടി ഒരാൾക്ക് പരിക്കേറ്റു. ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. രാത്രി 12.15 ഓടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് റോഡ് മുറിച്ചുകടന്നപ്പോഴാണ് വാഹനമിടിച്ചത്.
തിരുവനന്തപുരം എ.ആര്‍ ക്യാമ്പിന് മുന്നില്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞും മുദ്രാവാക്യം വിളിച്ചും അഭിവാദ്യം ചെയ്തു.
നടപടികളില്‍ നിന്ന് ഓടിയൊളിക്കുകയോ പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുകയോ ചെയ്യുന്ന ആളല്ല പി.സി ജോര്‍ജെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ഷോണ്‍ പ്രതികരിച്ചു. ഷോണിനെ ആദ്യഘട്ടത്തില്‍ എആര്‍ ക്യാമ്പിനകത്തേക്ക് കയറ്റാന്‍ പൊലീസ് വിസമ്മതിച്ചെങ്കിലും പിന്നീട് അനുവദിച്ചു.
ഇന്നലെ വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പിസി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന വൈദ്യ പരിശോധനയില്‍ ജോര്‍ജിന് രക്തസമ്മർദത്തിൽ വ്യത്യാസം കാണപ്പെട്ടു. ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പൊലീസ് സംഘം ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.
ആദ്യം നന്ദാവനം എ.ആർ.ക്യാമ്പിലേക്കാണ് കൊണ്ടുവന്നത്. വ്യാഴാഴ്ച രാവിലെ തന്നെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.