NEWS

ഖത്തർ എന്ന ഇത്തിരിക്കുഞ്ഞൻ രാജ്യം ലോകകപ്പ് ഫുട്ബോളിന് വേദിയാകുമ്പോൾ; അറിയാം ഖത്തറിനെപ്പറ്റി കൂടുതൽ

ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിന്റെ സ്ഥാനം.എന്നാൽ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം വിവിധ രംഗങ്ങളിൽ ഇതിനകംതന്നെ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു.
ബി.സി ആറാം നൂറ്റാണ്ടിൽ തന്നെ ഖത്തറിൽ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.അൽ ഖോറിൽ നടത്തിയ ഉത്ഖനനത്തിൽ ഇക്കാലയളവിലെ മൺപാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്കാലയളവിൽ ബാർട്ടർ സമ്പ്രദായത്തിലൂടെ ജനങ്ങൾ ഇടപാടുകൾ നടത്തിയിരുന്നു. പ്രധാനമായും മെസപ്പൊട്ടോമിയൻ ജനതയുമായി മത്സ്യം, മൺപാത്രങ്ങൾ എന്നിവയുടെ വ്യപാരമാണ് നടന്നിരുന്നത്.
ഏഴാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്‌ലാം മതം ഈ ഉപദ്വീപിൽ പ്രചരിച്ചു.ആ സമയത്ത് ഈ പ്രദേശം ബഹറൈൻ ഭരണാധികാരത്തിനു കീഴിലായിരുന്നു.എ ഡി 628 ൽ മുഹമ്മദ് നബി പല രാജാക്കന്മാർക്കും ഇസ്‌ലാമിന്റെ സന്ദേശം അയച്ച കൂട്ടത്തിൽ ബഹറൈൻ ഭരണാധികാരി മുൻദിർ ബിൻ സവാ അൽ ഥമീമിക്കും കത്തയച്ചു.അദ്ദേഹം അതു സ്വീകരിക്കുകയും ഇസ്‌ലാമിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്.എ ഡി 1878 ഡിസംബർ 18നു ഷെയ്ഖ് ഖാസിം ബിൻ മുഹമ്മദ് അൽഥാനി ഖത്തറിന്റെ ഉപഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽ നിന്നും വേർപ്പെടുത്തി ഒരു നാട്ടു രാജ്യമാക്കി ഖത്തറിനെ മാറ്റുകയും ചെയ്തു.
എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്ടറി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ മേഖലയിൽ വ്യാപിച്ചത്. പെട്രോളിയം പര്യവേക്ഷണത്തിനും മുത്തു ശേഖരണത്തിനുമായി അവർ തദ്ദേശീയരുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചു.1916 മുതൽ 1971 സെപ്റ്റംബർ വരെ ഖത്തർ പൂർണ്ണമായും ബ്രിട്ടീഷ് അധിപത്യത്തിനു കീഴിലായിരുന്നു.എ ഡി 1971 സെപ്റ്റംബർ 3 നാണു ഖത്തർ സ്വതന്ത്ര്യം നേടുന്നത്.
അമീർ ആണ് രാഷ്ട്രത്തലവനും, ഭരണത്തലവനും.അദ്ദേഹത്തെ സഹായിക്കാൻ മന്ത്രി സഭയും പാർലമെന്റും(മജ്‌ലിസ് ശൂറ) ഉണ്ട്.ഇവ രണ്ടിലേയും അംഗങ്ങളെ അമീർ തന്നെ നാമനിർദ്ദേശം ചെയ്യുന്നു.അൽ ഥാനി കുടുംബത്തിനാണു പരമ്പരാഗതമായി ഭരണം.
അമീർ തന്റെ മൂത്ത പുത്രനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നു. അമീറിനു പുത്രന്മാരില്ലെങ്കിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രക്തബന്ധുവായ പുരുഷനെ കിരീടാവകാശിയായി പ്രഖ്യപിക്കുന്നു. അമീർ മരണപ്പെട്ടാൽ സ്വഭവികമായും കിരീടാവകാശി അടുത്ത അമീർ ആയി അധികാരമേൽക്കുന്നു.
കായികം
 
2006 ൽ ഏഷ്യൻ ഗെയിംസിനു ആതിഥ്യമേകിയതോടെയാണ് ഖത്തറിൽ കായിക രംഗത്ത് ഉണർവ്വുണ്ടായത്.വൻ പ്രോൽസാഹനമാണ് ഈ രംഗത്തിനു സർക്കാർ നൽകുന്നത്. എല്ലാ മുനിസിപ്പാലിറ്റികളിലും സ്പോർട്സ് സ്റ്റേഡിയങ്ങളും, ക്ലബ്ബുകളും ഉണ്ട്. സ്കൂളുകളിൽ നിർബന്ധ കായിക പരിശീലനം നൽകുന്നു.അതിനു പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും സമർത്ഥരായ കായിക താരങ്ങളെ വിലക്കെടുത്ത് അവരെ ഖത്തറിന്റെ ദേശീയ താരങ്ങളാക്കി അന്താരാഷ്ട്രാ മൽസരങ്ങളിൽ വിജയിക്കാൻ ശ്രമിക്കുന്നു.
കുതിരപ്പന്തയം, കാല്പന്തു കളി എന്നിവയ്ക്കൊക്കെ വലിയ പ്രോൽസാഹനമാണ് ഖത്തറിൽ ലഭിക്കുന്നത്.കുതിരപ്പന്തയം കാണാൻ പോകുന്നവർക്കു പോലും സമ്മാനങ്ങൾ നൽകുന്നു. ഇവക്കു പുറമെ കാറോട്ടം, മോട്ടോർ സൈക്കിൾ ഓട്ടം എന്നിവക്കും പരിശീലനം നൽകി വരുന്നു. ഒളിംബിക്സിൽ ഖത്തർ രണ്ട് വെങ്കലം നേടിയിട്ടുണ്ട്.
2022 ലെ ലോകകപ്പ്‌ ഫുട്ബോൾ മത്സരം ഖത്തറിൽ നടക്കും.2010 ഡിസംബർ 2 നാണ് ഫിഫ ഖത്തറിനെ ഇതിനായി തിരഞ്ഞെടുത്തത്.2022 നവംബർ 21 മുതൽ  ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്.ചരിത്രത്തിലാദ്യമായി മൂന്ന്​ വനിതാ റഫറിമാരും ഖത്തർ ലോകകപ്പ് നിയന്ത്രിക്കാനുണ്ടാകും.ഫ്രാൻസിന്‍റെ സ്​റ്റെഫാനി ഫ്രാപ്പാർട്​,റുവാണ്ടയുടെ സലിമ മുകൻസാങ്ക, ജപ്പാന്‍റെ യോഷിമി യമാഷിത എന്നിവരാണ്​ ചരിത്രം കുറിക്കാൻ നിയോഗിക്കപ്പെട്ട ആ റഫറിമാർ.ഇവർക്ക്​ പുറമെ അസിസ്റ്റന്‍റ്​ റഫറിമാരുടെ പട്ടികയിലും മൂന്ന്​ വനിതകളുണ്ട്.

ഫിഫ ലോകകപ്പിന്‍റെ 22-ാം പതിപ്പാണ് ഖത്തര്‍ നടക്കുന്നത്.അറബ് ലോകത്ത് ആദ്യമായി നടക്കുവാന്‍ പോകുന്ന ലോകകപ്പ് മത്സരം എന്ന നിലയില്‍ രാജ്യാന്തര ലോകം ഉറ്റുനോക്കുന്ന മത്സരം കൂടിയാണിത്.മറ്റൊരു തരത്തില്‍ 2002 ടൂർണമെന്റിന് ശേഷം പൂർണ്ണമായും ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്.ഖത്തറിൽ നടക്കുന്ന  ലോകകപ്പിൽ 32 ടീമുകൾ പങ്കെടുക്കും.32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് മത്സരം കൂടിയായിരിക്കും ഇത്. 2026-ലെ ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുക.അതിശയിപ്പിക്കുന്ന തരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ലോകകപ്പ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

വളരെ വ്യത്യസ്തമായ രൂപകല്പനയാണ് ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിനായി തയ്യാറാകുന്ന സ്റ്റേഡിയങ്ങള്‍ക്ക് നല്കിയിരിക്കുന്നത്.ഷിപ്പിംഗ് കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയവും ടെന്‍റിന്‍റെ രൂപത്തിലുള്ള സ്റ്റേഡിയവും തൊപ്പിയുടെ രൂപത്തിലുള്ള സ്റ്റേഡിയവുമെല്ലാം ഇവിടെ കാണാം.ഒരു മണിക്കൂര്‍ ഡ്രൈവ് അകലത്തിലാണ് ഓരോ സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നത്. പരമാവധി അകലം 43 മൈല്‍ ആണ്. എട്ട് വേദികളിൽ ഏഴും ടൂർണമെന്റിനായി ആദ്യം മുതൽ നിർമ്മിച്ചതാണ്, മറ്റൊന്ന് പുനപ്രവര്‍ത്തനങ്ങള്‍ നടത്തിയെടുക്കുകയായിരുന്നു.

Signature-ad

 

ലുസൈൽ സ്റ്റേഡിയം

ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നാണ് ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ലുസൈല്‍ സ്റ്റേഡിയം. എണ്‍പതിനായിരം കണികളെ ഉള്‍ക്കൊള്ളുവാനുള്ള ശേഷി ഇതിനുണ്ട്. ഫൈനല്‍ മത്സരമടക്കം പത്ത് മത്സരങ്ങള്‍  ഇവിടെ നടക്കും.

 

അല്‍ ബയാത് സ്റ്റേഡിയം

ഉത്ഘാടന മത്സരം ഉള്‍പ്പെടെ എട്ടു മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയമാണ് അല്‍ ബയാത് സ്റ്റേഡിയം.ദോഹയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഡിയത്തിന്റെ പരമാവധി ശേഷി 60,000 സീറ്റാണ്.

കൂടാരം പോലെയുള്ള ഘടനയാണ് ഇതിന്റെ പ്രത്യേകത.ഈ പ്രദേശത്തെ നാടോടികളായ ആളുകൾ ഉപയോഗിക്കുന്ന ബൈത്ത് അൽ ഷാർ ടെന്റുകളിൽ നിന്നാണ് ഈ സ്റ്റേഡിയത്തിന് ഈ പേര് ലഭിച്ചത്.

 

സ്റ്റേഡിയം 974

ദോഹയില്‍ തന്നെ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം 974 ല്‍ ഏഴ് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിന്‍റെ പേര് ഇതിന്റെ നിര്‍മ്മിതിയുമായി ചേര്‍ന്നു നില്‍ക്കുന്നു. 974 ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് മോഡുലാര്‍ സ്റ്റീലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 40,000 ആണ് ഇതിന്റെ സീറ്റിങ് കപ്പാസിറ്റി.

 

ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം

ദോഹയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് മറ്റൊരു വേദി. 45,416 ഇരിപ്പിടങ്ങളുള്ള ഇവിടെ എട്ട് മത്സരങ്ങളാണ് നടക്കുക.

1976 ൽ നിർമ്മിച്ചതാണ് ഈ സ്റ്റേഡിയം. 2019-ൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിനും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

 

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം

ദോഹയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ അല്‍ റയ്യാനിലാണ് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 40,000 ആണ് ഇതിന്‍റെ സീറ്റിങ് കപ്പാസിറ്റി. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ എട്ടു മത്സരങ്ങള്‍ ഇവിടെ നടക്കും.

ദോഹയ്ക്ക് പുറത്ത് ഗ്രീൻ സ്പേസിൽ നിരവധി ഖത്തറി സർവകലാശാലകളുടെ മധ്യത്തിലാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ‘മരുഭൂമിയിലെ ഡയമണ്ട്’ എന്ന് ഈ സ്റ്റേഡിയം അറിയപ്പെടുന്നു.

 

അല്‍ തുമാമ സ്റ്റേഡിയം

ദോഹയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍ തുമാമ സ്റ്റേഡിയം വേള്‍ഡ് കപ്പ് മത്സരത്തില്‍ എട്ട് മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. 40,000 ആണ് ഇതിന്‍റെ സീറ്റിങ് കപ്പാസിറ്റി.

അറബി തൊപ്പിയായ ഗഹ്ഫിയയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച് സ്റ്റേഡിയം ഇവിടുത്തെ പ്രാദേശിക മരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

 

അൽ ജനൂബ് സ്റ്റേഡിയം

നാല്പതിനായിരം ആളുകള്‍ക്ക് സീറ്റിങ് കപ്പാസിറ്റിയുള്ള അൽ ജനൂബ് സ്റ്റേഡിയത്തില്‍ ഏഴ് മത്സരങ്ങളാണ് നല്കുന്നത്. 2019 മെയ് മാസത്തിൽ പൂർത്തിയാക്കിയ ആദ്യത്തെ പുതിയ ലോകകപ്പ് സ്റ്റേഡിയം കൂടിയാണിത്.

2020 ലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇവിടം ആതിഥേയത്വം വഹിച്ചു.
ദൗ ബോട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

 

 

അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം

ദോഹയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം.നാല്പതിനായിരം സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തില്‍ ഏഴ് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Back to top button
error: