തീയർ ദ്വീപരാണെന്നും അവർ ശ്രീലങ്കയിൽ നിന്നു കുടിയേറിയവരാണെന്നും പല ചരിത്രകാരന്മാരും നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഭാഷകൊണ്ട് തീയഭാഷയിൽ വിശേഷിച്ച് വടക്കേ മലബാറിലെ തീയഭാഷയിൽ എത്രമാത്രം സിംഹള വാക്കുകൾ അടങ്ങിയിട്ടുണ്ട് എന്ന് ആരും നിരീക്ഷിച്ചത് കണ്ടിട്ടില്ല.
തീയരുടെ നിത്യഭാഷാ വ്യവഹാരത്തിൽ ഇന്നും ധാരാളം സിംഹള വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. തുളു കന്നട വാക്കുകൾ പോലെ സിംഹള വാക്കുകൾ കൂടി കലർന്നതിനാലാണ് മധ്യതെക്കൻ കേരളീയർക്ക് വടക്കൻ കേരള ഭാഷ മനസിലാക്കാൻ വിഷമം നേരിടുന്നത്. ഏതൊക്കെ വാക്കുകളാണ് സിംഹള ഭാഷയിൽ നിന്ന് തീയർ കൊണ്ടുവന്നതെന്ന് നോക്കുന്നതിന് മുമ്പേ ശ്രീലങ്കയുമായി അവർക്കുള്ള ബന്ധം എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല സിംഹള ഭാഷയെന്ന് ഇന്ന് നാം വ്യവഹരിക്കുന്ന ഭാഷയുടെ ഉദ്ഭവവും അൽപ്പം മനസ്സിൽ വേണം.
ബൗദ്ധമത സന്യാസിമാരാണ് തങ്ങളുടെ മതപ്രചാരണത്തിന് വേണ്ടി കേരളത്തിലേക്ക് വന്ന ആദ്യ മതസംഘം എന്നു അനുമാനിക്കാവുന്നതാണ്. ശ്രീലങ്ക വഴിയാണ് ബൗദ്ധർ ഇവിടെ പ്രവേശിച്ചത്. അവർ ഉപയോഗിച്ചിരുന്ന ഭാഷ പ്രാകൃതം എന്നു വിളിക്കുന്ന പാലിയാണ്.മതത്തെ മാത്രമല്ല തങ്ങളുടെ ചികിത്സാരീതിയേയും ഭാഷയേയുംകൂടി പ്രചരിപ്പിച്ചവരായിരുന്നു ബൗദ്ധൻമാർ. അവർ കേന്ദ്രീകരിച്ച സ്ഥലങ്ങളെ അളം എന്നാണ് പാലി ഭാഷയിൽ വിളിച്ചിരുന്നത്. നേപ്പാളം, ബംഗാളം, കേരളം, കോവളം, ആറളം, കയരളം, ഹേലളം (കർണാടകം ) എന്നിങ്ങനെ ചെറുതും വലുതുമായ അളം ചേർന്ന ധാരാളം ഭൂവിഭാഗങ്ങൾ ഇന്നു കാണാം. അവയൊക്കെ ഒരു കാലത്ത് പാലി ഭാഷാ കേന്ദ്രങ്ങളായിരുന്നു. ഗോള അഥവാ കേന്ദ്രം എന്ന ബൗദ്ധപ്രകൃത വാക്കാണ് അള എന്നായി തീർന്നത് എന്നു കരുതാവുന്നതാണ്.
ബുദ്ധ സന്യാസിമാരുടെ വരവോടെ തീയരായ കച്ചവടക്കാരും കൃഷിക്കാരും കൈത്തൊഴിൽ സംഘങ്ങളും കേരളത്തിലേക്ക് പ്രവേശിച്ചു.ബംഗാളിൽ നിന്ന് കിഴക്കൻ കടൽ വഴി ശ്രീലങ്കയിലേക്ക് കുടിയേറിയ ബൗദ്ധരുടെ സംഘമാണ് പിന്നീട് അറബിക്കടൽ വഴി പടിഞ്ഞാറൻ തീരത്ത് മംഗലാപുരത്ത് തമ്പടിച്ചത്.അന്ന് മംഗലാപുരമായിരിക്കാം ഏറ്റവും വലിയ പടിഞ്ഞാറൻ തുറമുഖം. അവിടെ നിന്ന് തെക്കോട്ട് നീങ്ങിയ തീയർക്ക് തുളു കന്നട ഭാഷകളുടെ സ്വാധീനവും വേറിട്ട ഒരു സംസ്ക്കാരവും ഉണ്ടായി എന്നു അനുമാനിക്കാവുന്നതാണ്. തീയരുടെ തെയ്യവും തിറയും പ്രേതഭൂതാരാധനയും ഭാഷാസങ്കലനവും ഇതിൻ്റെ തുടർച്ചയാണ്. കുടകിലോളം വ്യാപിച്ചപ്പോൾ കുടക് ഭാഷാസ്വാധീനവും സങ്കലനവും ഉണ്ടായി.ബ്രാഹ്മണ മേധാവിത്തത്തോടെയാണ് പിന്നീട് തീയ ഭാഷയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായത്. ഇങ്ങനെ പഞ്ചഭാഷാസ്വാധീനം വടക്കേ മലബാറിലെ തീയരിൽ പ്രകടമാണ്.പക്ഷേ പ്രാകൃത ഭാഷയുടെ അടിസ്ഥാനം പേറുന്ന തീയർ സംസ്കൃത വാക്കുകളെ പ്രാകൃതഭാഷയുമായി മറ്റ് വാക്കുകളെ കലർത്തി ഉപയോഗിക്കാൻ തുടങ്ങിയതോടെ അവരുടെ ഉച്ചാരണങ്ങൾക്ക് സ്വാഭാവികമായും പതനം സംഭവിച്ചു.
ദ്വീപിൽ നിന്നു വന്നവർ എന്ന അർത്ഥത്തിൽ ബൗദ്ധ സംഘങ്ങളെ ദ്വീപർ എന്നു വിളിച്ച് ഭാഷാന്തരം വന്ന് തീയർ എന്നായതാണെന്ന് ചരിത്രകാരന്മാർ പറഞ്ഞിട്ടുണ്ട്. ഈ ഭാഷാന്തരത്തിന് കാരണം തീയരുടെ ഉള്ളിലുള്ള പ്രാകൃത പാലിയുടെ അംശം കൊണ്ടാണ്. ക്രി.മുമ്പ് ആറാം നൂറ്റാണ്ടു മുതൽ ക്രി. ശേഷം പത്താം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ രൂപം കൊണ്ടതാണ് പ്രാകൃത പാലി ഭാഷയെന്ന് ഇവിടെ ഓർമ്മിക്കേണ്ടതാണ്. ബംഗാൾവഴി ബൗദ്ധർ ശ്രീലങ്കയിൽ പ്രവേശിച്ചപ്പോഴാണ് സിംഹള ഭാഷ രൂപം കൊണ്ടത്. മലയാളത്തിലെ 22 അക്ഷരങ്ങൾക്ക് സിംഹള അക്ഷരങ്ങളോട് സാമ്യമുണ്ട്.സംസ്കൃതത്തിനേക്കാൾ മലയാളത്തിനാണ് സിംഹള ഭാഷയുമായി സാദൃശ്യം.
ദ്രാമിളം എന്ന ദ്രാവിഡ ദേശത്തിൻ്റെ ഉദ്ഭവത്തിലും പാലി ഭാഷയുടെ സംഭാവന കാണാം.
ഇനി തീയമലയാളത്തിലെ സിംഹള വാക്കുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം. ബേള, കൊരള് ( കഴുത്ത് ), ചുങ്കി (തലയുടെ പിൻഭാഗം കഴുത്ത് ചേരുന്ന കുഴി), പിരടി (കഴുത്തിന് പിൻഭാഗം), മൊത്തി, മീട് (മുഖം), അണ്ണി (വായയുടെ കവിൾ ഭാഗം),ചെന്നി, പന്ന ( ചെവിഭാഗം),ചണ്ണ (തുടയുടെ ആദ്യഭാഗം), ഉക്കൽ, ഊര (എളി ഭാഗം), കൊരട്ട (കാലിൻ്റെ ഉപ്പൂറ്റിക്ക് മുകൾഭാഗം) എന്നിങ്ങനെ മനുഷ്യ ശരീരത്തിലെ വിവിധ ഭാഗങ്ങളെ വ്യവഛേദിച്ച് പറയുന്ന വാക്കുകൾ സിംഹള ഭാഷയിലേതാണ്.കരള ( കരട് ), പീര (തേങ്ങ പിഴിഞ്ഞ ബാക്കി), മുരിമ്മ (ഉളുപ്പ്, കുരിപ്പ് (വസൂരി ), വളപ്പ് (തൊടി), പേന (പ്രേതം),അവിത (അപരാധം, അമ്പരപ്പ് ( ഇല്ലായ്മ), വൈരം വിളി ( നിലവിളി ), ഉയി (ഒരു ഭയന്ന വാക്ക്) മിരട്ട് (കീഴിൽ), പങ്ക ( ഫാൻ), മാരി (രോഗം), വറ്റ് (ചോറ് ) പോങ്ങ ( ഒരു പിടി ), നൊമ്പലം (പ്രസവവേദന), ചൊങ്ക് (സൗന്ദര്യം ) ചട്ട (മുടന്ത് ), ഒയന്തൽ ( വയറ്റിൽ വല്ലായ്ക ), ഓക്കാനം (ചർദ്ദി), പയിപ്പ് (വിശപ്പ്), അട്ടം, പിട്ടം (വീടിൻ്റെ മുകൾഭാഗം), പിട്ട (കാഷ്ഠം), ഈര് (പേൻമുട്ട), കൊരട്ട ( പുറംതോട് )എന്നിങ്ങനെ ധാരാളം പ്രാകൃത വാക്കുകൾ തീയമലയാളത്തിലുണ്ട്.
ഇതോടൊപ്പം ജാസ്തി, തോന (അധികം ), മംഗലം (കല്യാണം) എന്നിങ്ങനെ തുളുകന്നട വാക്കുകളും വന്നതോടെ ഈ ഭാഷ മറ്റു ദേശക്കാർക്ക് ദുഷ്ക്കരഭാഷയായി. തീയർ ജനസംഖ്യാ പരമായി വടക്കേ മലബാറിൽ പ്രബലമായതിനാൽ ഈ ഭാഷ ജനകീയ ഭാഷയായി മറ്റ് വിഭാഗങ്ങളും ഏറ്റെടുക്കുകയായിരുന്നു.