Breaking NewsCrimeNEWS

രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്നെത്തിച്ചത് തസ്ലീമയുടെ ഭർത്താവ്, വെറുതെ വിട്ട ഭർത്താവിനെതിരെ തെളിവ് കണ്ടെത്തിയത് എക്‌സൈസ്, പ്രതി തമിഴ്നാട്ടിൽ പിടിയിൽ

ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ പിടിയിലായ സംഭവത്തിൽ മുഖ്യപത്രിയുടെ ഭർത്താവും അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയായ തസ്ലീമ സുൽത്താന(ക്രിസ്റ്റീന-41)യുടെ ഭർത്താവ് സുൽത്താനെയാണ് എക്‌സൈസ് സംഘം തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ. ഇതിന്റെ തെളിവുകൾ സുൽത്താന്റെ പാസ്‌പോർട്ട് പരിശോധനയിൽ എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് ആന്ധ്ര-തമിഴ്‌നാട് അതിർത്തിയിൽനിന്ന് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഒന്നിന് രാത്രിയാണ് മാരാരിക്കുളത്തെ റിസോർട്ടിൽനിന്ന് തസ്ലീമയെയും സുഹൃത്തായ മണ്ണഞ്ചേരി സ്വദേശി കെ. ഫിറോസി(26)നെയും മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഭർത്താവ് സുൽത്താനും രണ്ടുമക്കൾക്കും ഒപ്പം വാടകയ്‌ക്കെടുത്ത കാറിലാണ് തസ്ലീമ മാരാരിക്കുളത്തെ റിസോർട്ടിന് സമീപമെത്തിയത്. തുടർന്ന് ഫിറോസിനൊപ്പം ഇടപാടുകൾക്കായി റിസോർട്ടിലേക്ക് പോകുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.

Signature-ad

അതേസമയം സംഭവസമയത്ത് കാറിലുണ്ടായിരുന്ന ഭർത്താവിന് ലഹരിക്കടത്തിൽ ബന്ധമില്ലെന്ന നിഗമനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നില്ല. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് ഇയാളാണെന്ന് വ്യക്തമായത്. കൂടാതെ തസ്ലീമയുടെ സഹോദരിയെയും കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ വാടകയ്‌ക്കെടുത്ത് നൽകിയ യുവതിയെയും എക്‌സൈസ് ചോദ്യംചെയ്തിരുന്നു. എന്നാൽ, ഇരുവർക്കും ലഹരിക്കടത്തുമായി ബന്ധമില്ലെന്നാണ് നിഗമനം. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്ക് ലഹരി വിറ്റതായി തസ്ലീമ നേരത്തേ മൊഴി നൽകിയിരുന്നു. എന്നാൽ, സിനിമാതാരങ്ങളെ വിളിച്ച് ചോദ്യംചെയ്യാനുള്ള തെളിവുകൾ എക്‌സൈസിന് ഇതുവരെ ലഭിച്ചിട്ടില്ല. അതിനിടെ, സംഭവത്തിൽ മുൻകൂർജാമ്യം തേടി നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹർജി പിൻവലിക്കുകയും ചെയ്തു.

Back to top button
error: