ന്യൂഡല്‍ഹി: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുവാന്‍ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.
2016ലാണ് പദ്ധതിയുടെ തുടക്കം. ഉത്തര്‍പ്രദേശിലെ ബലിയയില്‍ വച്ചാണ് പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് 2018ല്‍ കൂടുതല്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി കൊണ്ട് പദ്ധതി വിപുലീകരിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍, പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍, അന്ത്യോദയ അന്ന യോജന മറ്റു പിന്നാക്ക വിഭാഗങ്ങള്‍, തോട്ടം തൊഴിലാളികള്‍, വനവാസികള്‍, ദ്വീപുകളില്‍ താമസിക്കുന്നവര്‍ എന്നിവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിപ്രകാരം എല്‍ പി ജി സബ്‌സിഡി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ അംഗത്തിന്റെ ജന്‍ ധന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.
ഇന്നലെ ഇന്ധന നികുതി കുറച്ചതിനൊപ്പം പാചക വാതക സിലിണ്ടറിന് സബ്സിഡിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 200 രൂപ സബ്സിഡിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഉജ്ജ്വല പദ്ധതിക്ക് കീഴിലെ ഒൻപത് കോടി ഗുണഭോക്താക്കള്‍ക്ക് 12 സിലിണ്ടറുകള്‍ സബ്സിഡി പ്രകാരം നല്‍കും. പാചക വാതക നിരക്ക് റെക്കോര്‍ഡ് തലത്തിലേക്ക് ഉയരുന്നത് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കും.നിലവിൽ ആയിരം രൂപയ്ക്ക് മുകളിലാണ് എല്‍പിജി സിലിണ്ടര്‍ വില.
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയില്‍ എങ്ങനെ അപേക്ഷിക്കാം
അപേക്ഷ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ നല്‍കാന്‍ സാധിക്കും. pmujjwalayojana.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അല്ലെങ്കില്‍ തൊട്ടടുത്തുള്ള എല്‍.പി.ജി വിതരണ ഏജന്‍സിയില്‍ നിന്നും അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകര്‍ സ്ത്രീകളായിരിക്കണം
പതിനെട്ട് വയസ് പൂര്‍ത്തിയാകണം
ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരായിരിക്കണം
അപേക്ഷകയുടെ കുടുംബാംഗങ്ങളുടെ പേരില്‍ പാചകവാതക കണക്ഷന്‍ ഉണ്ടാകാന്‍ പാടില്ല