NEWSWorld

യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു

തെക്കേ അമേരിക്കയിലും യൂറോപ്പിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസിലും ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കാനഡയില്‍ സന്ദര്‍ശനത്തിനെത്തി മടങ്ങിയ മാസ്ച്യുസെറ്റ്‌സ് സ്വദേശിയിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.സ്‌പെയിനിലും പോര്‍ച്ചുഗലിലുമായി 40 ഓളം പേരില്‍ രോഗം കണ്ടെത്തിയിരുന്നു. ബ്രിട്ടണില്‍ മേയ് ആറിന് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടകം ഒമ്പത് കേസുകളാണ് ബ്രിട്ടനില്‍ സ്ഥിരീകരിച്ചത്. ആഫ്രിക്കയുടെ ഭാഗങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്.

 

Signature-ad

വൈറസ് മൂലമുണ്ടാകുന്ന കുരങ്ങുപനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂര്‍വ്വമായി മരണം സംഭവിക്കാറുണ്ട്. കഴിഞ്ഞ കൊല്ലങ്ങളില്‍ മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ഭാഗങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്. കുരങ്ങുപനി വ്യാപനവുമായി ബന്ധപ്പെട്ട് യുകെയിലേയും യൂറോപ്പിലേയും ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചന നടത്തിയതായി ലോകാരോഗ്യസംഘടന ചൊവ്വാഴ്ച അറിയിച്ചു. ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപനത്തേക്കുറിച്ചും രോഗവ്യാപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും വ്യക്തമായി പഠിച്ചശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ ആസൂത്രണം ചെയ്യാനാവൂ എന്നും സംഘടന വ്യക്തമാക്കി.

 

നൈജീരിയയില്‍നിന്ന് മടങ്ങിയ വ്യക്തിയിലാണ് ബ്രിട്ടണില്‍ ആദ്യം വൈറസ്ബാധ സ്ഥിരീകരിച്ചത്. പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ സാമൂഹികവ്യാപനത്തിലൂടെ വന്നതാവാമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പുരുഷന്മാരായ സ്വവർഗാനുരാഗികളാണ് രോഗബാധയുണ്ടാവരില്‍ ഭൂരിഭാഗമെന്നതിനാല്‍ ആ വശവും പരിശോധിച്ചു വരികയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണെങ്കിലും കുരങ്ങുപനി ആ രീതിയില്‍ മാത്രം പകരുന്ന രോഗമല്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാമെന്നും വീടുകളില്‍ ഉപയോഗിക്കുന്ന അണുനാശിനികളുടെ പ്രയോഗത്തിലൂടെ വൈറസിനെ നശിപ്പിക്കാമെന്നും യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.

 

പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്‌സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. 1958-ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരില്‍ രോഗബാധ കണ്ടെത്തിയത്. വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്.

Back to top button
error: