വൈദ്യുതി ലൈനിലേക്ക് മരച്ചില്ല ചാഞ്ഞുകിടക്കുന്നതു കണ്ടാൽ വൈദ്യുതി ബോർഡിനെ കൈയ്ക്കുകൈയോടെ അറിയിച്ചാൽ ബോർഡ് സമ്മാനം തരും. വൈദ്യുതി ലൈനിനു മീതെ അപകടകരമായ വിധത്തിൽ മരക്കൊമ്പ് ചാഞ്ഞു നിൽക്കുന്നതായോ ചെടിപടർപ്പുകൾ വൈദ്യുതി തൂണിലോ കമ്പിനിയിലോ ട്രാൻസ്ഫോർമറുകളിലോ പടർന്നു കിടക്കുന്നതായോ കണ്ടാൽ ചിത്രം എടുക്കുക, ബോർഡിന് അയക്കുക. ഇനി സമ്മാനം എത്തുന്നതും കാത്തിരിക്കാം. വൈദ്യുതി ബോർഡ് പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ജൂണ്‍ ഒന്നിനുശേഷമാണ് ഇതിന് അവസരമുള്ളത്. ഉത്തരവാദിത്തപ്പെട്ട സെക്ഷൻ, അയയ്ക്കുന്നയാളിന്റെ വിശദാംശങ്ങൾ എന്നിവ സഹിതം 9496001912 എന്ന വാട്സ് ആപ് നമ്പരിലോ കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ അയയ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രങ്ങളോ വിവരങ്ങളോ അയയ്ക്കുന്നവർ അവ എടുക്കുന്ന തീയതിയും സമയവും ചിത്രത്തിലോ ഒപ്പമോ രേഖപ്പെടുത്തണം. ജൂലൈ 31 വരെ അയച്ചുകിട്ടുന്ന ചിത്രങ്ങളിൽ 10 എണ്ണത്തിന് കെഎസ്ഇബി പാരതോഷികം നൽകും. നോഡൽ ഓഫീസർ ഇ മെയിൽ: [email protected].
ജൂണ്‍ ഒന്നു മുതൽ സംസ്ഥാനത്ത് ഏതെങ്കിലും വൈദ്യുതി ലൈനിനു മീതെ അപകടകരമായ വിധത്തിൽ മരക്കൊ ചാഞ്ഞു നിൽക്കുന്നതായോ ചെടിപടർപ്പുകൾ വൈദ്യുതി തൂണിലോ കമ്പിനിയിലോ ട്രാൻസ്ഫോർമറുകളിലോ പടർന്നു കിടക്കുന്നതായോ കണ്ടാൽ ജോലിയിൽ വന്ന വീഴ്ചയായി മാനേജ്മെന്റ് കണക്കാക്കും. ബന്ധപ്പെട്ട സർക്കിൾ, ഡിവിഷൻ, സബ്ഡിവിഷൻ, സെക്ഷൻ ഓഫീസർമാരെ വീഴ്ചയുടെ ഉത്തരവാദികളായി കണക്കാക്കുകയും കന്പനി ചെലവിടുന്ന തുക മേൽപ്പറഞ്ഞ ഉദ്യോഗസ്ഥരിൽ നിന്ന് തുല്യ തോതിൽ ഈടാക്കുകയും ചെയ്യുമെന്ന് വൈദ്യുതി ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു