വെളളൂർ: മുഖ്യമന്ത്രിയുടെ വെള്ളൂർ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പുതിയ സ്കൂൾ കെട്ടിടത്തിനായി കേന്ദ്രീയ വിദ്യാലയം വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്നു. ഇതു സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നു പ്രതീക്ഷിക്കുന്നു.
2015 ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രീയ വിദ്യാലയം കടുത്തുരുത്തി കെ.പി.പി.എല്ലിൻ്റെ താല്ക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 1 മുതൽ 10 വരെ ക്ലാസ്സുകളിലായി 520 കുട്ടികളുണ്ട്.സ്ഥിരമായ കെട്ടിടത്തിനു വേണ്ടി കേരള സർക്കാർ 2015 ൽ കടുത്തുരുത്തി ആപ്പാഞ്ചിറയിൽ അനുവദിച്ച എട്ട് ഏക്കർ സ്ഥലം പരിസ്ഥിതി അനുമതിയിൽ കുരുങ്ങി കിടക്കുന്നതിനാൽ സ്ക്കൂൾ ബിൽഡിംഗ് നിർമ്മാണം അനിശ്ചിതത്വത്തിൽ തുടരുന്നു.സ്കൂൾ കെട്ടിടത്തിനായി 33 കോടി രൂപ 2016ൽ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട് . സ്ഥലം ഒരുക്കുന്നതിനായി കേരള സർക്കാർ 3.3 കോടിയും അനുവദിച്ചിട്ടുണ്ട്. ഈ തുക കളെല്ലാം ലാപ്സായി പോകുന്ന അവസ്ഥയും നിലവിലുണ്ട്.
സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന കേന്ദ്രീയ വിദ്യാലയത്തിനു, ഇപ്പോൾസ്ഥിതി ചെയ്യുന്ന കെ.പി.പി.എൽ വക സ്ഥലം അനുവദിച്ചുകിട്ടിയാൽ എല്ലാ പ്രതിസന്ധികളും മറികടക്കാൻ ആകും. മുഖ്യമന്ത്രിയുടെ വെള്ളൂർ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് ഇരിക്കുകയാണ് കേന്ദ്രീയ വിദ്യാലയ അധികൃതരും കുട്ടികളും രക്ഷിതാക്കളും.
കേന്ദ്രിയ വിദ്യാലം കടുത്തുരുത്തിയുടെ സ്പോണ്സറിങ് ഏജൻസി കേരള സർക്കാർ ആയതിനാലും ന്യൂസ് പ്രിൻ്റ് ഫാക്ടറി കേരള സർക്കാർ ഏറ്റെടുത്തതു കൊണ്ടും KPPL സ്ഥലം കേന്ദ്രിയ വിദ്യാലയത്തിന്റെ സ്ഥിരം കെട്ടിടത്തിന് അനുവദിക്കണം എന്നു പി.ടി.എ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തിരുന്നു