KeralaNEWS

മാതാവിന്റെ കൈയിൽ നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിട്ടി

പെരിന്തൽമണ്ണ: ‌പാലത്തിൽ നിൽക്കവെ മാതാവിന്റെ കൈയിൽ നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു. പാലത്തോൾ മപ്പാട്ടുകര റെയിൽവേ മേൽപാലത്തിൽവെച്ചാണ്  മാതാവിന്റെ കയ്യിൽനിന്ന് കുഞ്ഞ് പുഴയിലേക്ക് വീണത്. വീണ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ മാറി കട്ടുപ്പാറ തടയണയുടെ 50 മീറ്ററോളം താഴെയായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യം പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. യുവാവ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

പെരിന്തൽമണ്ണയിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ സജിത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ട്രോമാകെയർ വൊളന്റിയർമാരും ചേർന്നാണ് മൃതദേഹം കരയ്ക്കെടുത്തത്. എസ്‌ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്‌റ്റ് നടത്തി. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി.

Signature-ad

മേയ് 10ന് രാത്രിയിലാണ് ദാരുണസംഭവം. വീടിനു സമീപത്തെ മപ്പാട്ടുകര പാലത്തിൽ പിഞ്ചുകുഞ്ഞിനെയുമെടുത്ത് നിൽക്കുകയായിരുന്നു ‌യുവതി. ട്രെയിൻ വന്നതോടെ പാലത്തിന്റെ സുരക്ഷിത ഭാഗത്തേക്ക് മാറിനിന്നു. എന്നാൽ, ട്രെയിൻ ക‌ടന്നുപോയപ്പോഴുണ്ടായ പ്രകമ്പനത്തിൽ കയ്യിൽനിന്ന് കുഞ്ഞ് പുഴയിലേക്കു വീണെന്നാണ് പറയുന്നത്. യുവതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് കുഞ്ഞിനെ ലഭിക്കാനായി നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ട്രോമാകെയർ വൊളന്റിയർമാരും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്ന്  തിരച്ചിൽ നടത്തിയിരുന്നു. കുഞ്ഞിന്റെ വിദേശത്തായിരുന്ന പിതാവും നാട്ടിലെത്തി. ഏറെ തിരഞ്ഞിട്ടും കി‌ട്ടാതായതോടെ വെള്ളിയാഴ്‌ച വൈകിട്ടാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

Back to top button
error: