KeralaNEWS

കൈനിറയെ കാശുണ്ടാക്കാൻ എളുപ്പ മാർഗം, കരിങ്കോഴി കൃഷി തുടങ്ങാം; ഇറച്ചിക്ക് കിലോ 1000 രൂപ, മുട്ടയ്ക്ക് 50 രൂപ

    കോഴി ഇറച്ചി നമ്മുടെ തീൻമേശകളിലെ പ്രധാന ഭക്ഷണവിഭവമാണ്. കേരളത്തില്‍ പ്രതിദിനം ക്വിന്റല്‍ കണക്കിന് കോഴി ഇറച്ചിയാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. കൃത്രിമ മാർഗങ്ങളിലൂടെ വളര്‍ത്തുന്ന ഇറച്ചി കോഴികളെ പതിവായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ഇവിടെയാണ് നാടന്‍ കോഴികളുടെയും കരിങ്കോഴികളുടെയും പ്രാധാന്യം. ആരോഗ്യത്തോടൊപ്പം വരുമാനവും ലക്ഷ്യമിടുന്നയാള്‍ക്ക് ഏറെ അനുയോജ്യമാണ് കടക്‌നാഥ് അല്ലെങ്കില്‍ കരിങ്കോഴി കൃഷി. അപൂര്‍വമായ കരിങ്കോഴിക്ക് വിപണിയില്‍ 750മുതല്‍ 1000രൂപ വരെയാണ് വില. മുട്ടയ്ക്കും 50രൂപ വരെ വിലയുണ്ട്. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ളവയാണ് കടക്‌നാഥ് കോഴികള്‍. യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ കരിങ്കോഴിക്ക് ഡിമാന്റ് കൂടുതലാണ്

Signature-ad

മദ്ധ്യപ്രദേശിലെ ജൗബ, ധാര്‍ തുടങ്ങിയ ഗിരിവര്‍ഗ പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ഒരിനം മുട്ടക്കോഴിയിനമാണ് കടക്കനാഥ്. മദ്ധ്യപ്രദേശുകാര്‍ക്ക് ഇവന്‍ കാലാമസിയും നമ്മള്‍ കേരളീയര്‍ക്ക് കരിങ്കോഴിയുമാണ്. വലിയ ഔഷധ ഗുണമാണ് കരിങ്കോഴിയുടെ മുട്ടയ്ക്കുള്ളത്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ ഇതിന്റെ ഇറച്ചി സഹായിക്കും. ചില ആയുര്‍വേദ മരുന്നുകളില്‍ ഈ മുട്ട ഉപയോഗിക്കുന്നു. ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച്‌ കുറവാണ്. ഉയര്‍ന്ന തോതില്‍ മെലാനിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും കറുപ്പു നിറമാണ്.

പരിപാലനം

നഗരത്തിരക്കിലും അല്‍പം സമയവും സ്ഥലവുമുണ്ടെങ്കില്‍ കരിങ്കോഴിയെ വളര്‍ത്താം. പകല്‍ സമയങ്ങളില്‍ കൂട്ടില്‍ നിന്നു പുറത്ത് വിട്ട് വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലത്. സ്ഥലപരിമിധി ഉള്ളവര്‍ക്ക് ചെറിയ കൂടുകളിലും കരിങ്കോഴിയെ വളര്‍ത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. ഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 സെന്റിമീറ്റര്‍ വലുപ്പമുള്ള ഒരു കൂട്ടില്‍ നാലു കോഴികളെ വരെ വളര്‍ത്താം.

കൂട്ടില്‍ തന്നെ തീറ്റക്കും വെളളത്തിനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം. സ്വന്തമായി അടയിരിക്കാന്‍ മടിയുള്ളവയാണ് കരിങ്കോഴികള്‍. ഇതിനാല്‍ മറ്റു കോഴികള്‍ക്ക് അടവെച്ചുവേണം കുഞ്ഞുങ്ങളെ വിരിയിക്കാന്‍. ഒരു മാസം 20 മുട്ട ലഭിക്കും. ഏകദേശം ആറു മാസം പ്രായമാകുമ്പോള്‍ മുട്ടയിടീല്‍ തുടങ്ങും. സാധാരണ കോഴികളെ പോലെ ധാന്യങ്ങളും ചെറുകീടങ്ങളുമാണ് പ്രധാന ആഹാരം. ഇതിനു പുറമെ നുറുക്കിയ അരിയോ ഗോതമ്പോ ചോളമോ നല്‍കാം.
വീട്ടില്‍ മിച്ചം വരുന്ന ഭക്ഷണസാധനങ്ങളും ഇവ കഴിക്കും.

Back to top button
error: